കശ്മിരിലുണ്ടായത് വന്‍ സുരക്ഷാ വീഴ്ച: ഇത് സര്‍ക്കാരിന്റെ പരാജയം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, April 24, 2025

കശ്മീരില്‍ 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സര്‍ക്കാരിന്റെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു.

ഇന്ത്യയെ തന്നെ ഞെട്ടിച്ച കാശ്മീര്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ നിറഞ്ഞ കശ്മീരില്‍ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി? ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയുടെ ജനങ്ങളോട് ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിക്കാത്തത് എന്തുകൊണ്ടാണ്?

ഇത്രയും തന്ത്രപ്രധാനമായ സ്ഥലം ആയിരുന്നിട്ടും ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടു പോയത് എങ്ങനെയാണ്? ഇത്തരം വന്‍കിട ആക്രമണം ആസൂത്രണം ചെയ്തതിന്റെ ഒരു വിവരം പോലും ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ക്ക് കണ്ടെത്താനായില്ല എന്നത് അതിവ ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഈ പരാജയത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. ഇതിന് പിന്നില്‍ പാകിസ്ഥാന് പങ്ക് ഉണ്ടെങ്കില്‍ പുറത്തുകൊണ്ടുവരുകയും തക്കതായ നടപടി സ്വീകരിക്കുകയും വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു