എന്താണ് സിന്ധു നദീ ജല കരാര്‍? വിശദമായി മനസ്സിലാക്കാം

Jaihind News Bureau
Thursday, April 24, 2025

2025 ഏപ്രില്‍ 23-ന് ജമ്മു-കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന്, ഇന്ത്യ പാകിസ്ഥാനുമായി ഉള്ള സിന്ധു നദി ജല കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ, ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയ ഭീകരസംഘടനകളുടെ പങ്ക് ആരോപിച്ചു. പാകിസ്ഥാന്‍ ഈ ആരോപണം നിഷേധിക്കുകയും, കരാര്‍ നിര്‍ത്തിവെക്കുന്നത് ‘ജല യുദ്ധം’ ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ ജല വിഭജനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

എന്താണ് സിന്ധു നദീ ജല കരാര്‍ (Indus Waters Treaty)?

ഇന്ത്യയും പാകിസ്താനും തമ്മില്‍ 1960-ല്‍ ഒപ്പുവെച്ച ഒരു ജല വിഭജന കരാറാണ്. ഇത് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍, ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്റെ പ്രസിഡന്റായിരുന്ന ആയുബ് ഖാനും ഒപ്പുവെച്ചു. 1947 ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലത്ത് ഇന്ത്യയില്‍ ഉല്‍ഭവിച്ച് പാകിസ്ഥാനിലേക്കൊഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകുന്നു. കരാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ലോക ബാങ്ക്. 9 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാറിന്‍മേല്‍ തീരുമാനമുണ്ടാകുന്നത്. കരാറിങ്ങനെ:

  • ഇന്ത്യയ്ക്ക് ബിയാസ്, രവി, സുത്‌ലജ് എന്നീ കിഴക്കന്‍ നദികളിലെ ജലം ഉപയോഗിക്കാന്‍ പൂര്‍ണ്ണ അവകാശം ലഭിച്ചു.
  • പാകിസ്ഥാന്‍ ഇന്‍ഡസ്, ഝലം , ചെനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാന്‍ അവകാശം ലഭിച്ചു.
  • പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യയ്ക്ക് പരിമിതമായ കൃഷി ആവശ്യങ്ങള്‍ക്കായി ജലം ഉപയോഗിക്കാനും, വൈദ്യുതി ഉത്പാദനം പോലുള്ള ജലം ഉപയോഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനും അനുമതി ലഭിച്ചു.
  • ജലത്തില്‍ 20 % ശതമാനം ഇന്ത്യയ്ക്കും 80% പാകിസ്ഥാനും.

പാകിസ്ഥാന്‍ നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍:

കിഴക്കന്‍ മേഖലയില്‍ കടുത്ത വരള്‍ച്ചയുണ്ടാകും. പാകിസ്ഥാന്റെ പ്രധാന വരുമാന ശ്രോതസായ കൃഷിക്ക് ജലം ലഭിക്കില്ല. സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ഭക്ഷ്യ ക്ഷാമം കൂടിയുണ്ടായാല്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാകും. എന്തായാലും പാക് ജനതയ്ക്ക് പാകിസ്ഥാന്‍ ഭരണകൂടം മറുപടി പറയേണ്ടി വരും. യുദ്ധകാലത്ത് പോലും കുടിവെള്ളം മുട്ടിക്കാതിരുന്ന ഇന്ത്യ പഹല്‍ഗാമിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടി നല്‍കുന്നത് സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു കൊണ്ടാണ്. ആറ് പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന കരാര്‍ റദ്ദാക്കി പകരം വീട്ടാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.