പഹല്‍ഗാമിലെ പാക് ഭീകരാക്രമണം ഇന്ത്യയുടെ പരമാധികാര മൂല്യങ്ങള്‍ക്കുനേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ; ഇന്റലിജന്‍സ് -സുരക്ഷാ വീഴ്ചകള്‍ വിശകലനം ചെയ്യപ്പെടണമെന്നും പ്രമേയം

Jaihind News Bureau
Thursday, April 24, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന പാക് ആസൂത്രിത ഭീകരാക്രമണം ഇന്ത്യയുടെ പരമാധികാര മൂല്യങ്ങള്‍ക്കുനേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണ പ്രദേശത്ത് ഇത്തരമൊരു ആക്രമണമുണ്ടാകാന്‍ ഇടയായ ഇന്റലിജന്‍സ് പരാജയങ്ങളെയും സുരക്ഷാ വീഴ്ചകളെയും കുറിച്ച് സമഗ്രമായ വിശകലനം അനിവാര്യമാണെന്നും പ്രവര്‍ത്തക സമിതി യോഗം പാസ്സാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തില്‍പ്പോലും ബി.ജെ.പി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരാക്രമണത്തെ സിഡബ്ല്യുസി അപലപിച്ചു. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവന്‍ അപലപിക്കുകയും 20-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഞടുക്കം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ അഗാധമായ വേദനയുടെ നിമിഷത്തില്‍ അവര്‍ക്കൊപ്പം പൂര്‍ണ്ണമനസ്സോടെ നിലകൊള്ളുന്നതായും കോണ്‍ഗ്രസ് പ്രമേയത്തിലൂടെ അറിയിച്ചു.

തുടര്‍ന്ന് സ്ഥിതിഗതികള്‍ വിശദമായ ചര്‍ച്ച ചെയ്ത യോഗം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. പാക്് ആസൂത്രിത ഭീകരാക്രമണം ഇന്ത്യയുടെ പരമാധികാര മൂല്യങ്ങള്‍ക്കുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് യോഗം വിലയിരുത്തി. കനത്ത സുരക്ഷയുള്ള പ്രദേശമാണ് പഹല്‍ഗാം.ത്രിതല സുരക്ഷാ ക്രമീകരണത്താല്‍ സുരക്ഷിതമാക്കി സ്ഥലമാണ് ഇവിടെയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള അധികാരപരിധിയിലുള്ള ഒരു കേന്ദ്രഭരണ പ്രദേശത്ത് ഇത്തരമൊരു ആക്രമണം ഉണ്ടായത് എങ്ങനെയാണ്. അതിന് ഇന്റലിജന്‍സ് പരാജയങ്ങളോ സുരക്ഷാ വീഴ്ചകളോ കാരണമായിട്ടുണ്ടോ ഇക്കാര്യങ്ങളേയും കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും പ്രമേയം പറയുന്നു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ക്രൂരമായി തകര്‍ക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇതിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും പ്രവര്‍ത്തക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.ക്രൂരമായി തകര്‍ക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇതിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും പ്രമേയം പറയുന്നു.

രാജ്യത്തുടനീളമുള്ള മതവികാരങ്ങള്‍ ആളിക്കത്തിക്കുന്നതിനാണ് ഹിന്ദു മതത്തിലുള്ളവരെ തീവ്രവാദികള്‍ മനഃപൂര്‍വ്വം ലക്ഷ്യം വച്ചത്. ഗുരുതരമായ പ്രകോപനത്തിനിടയിലും ശാന്തത പാലിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോഴാണ് നമ്മുടെ കൂട്ടായ ശക്തിയില്‍ വിശ്വസിക്കേണ്ടത്. ശാന്തത പാലിക്കാന്‍ ജനങ്ങളോട് സിഡബ്ല്യുസി അഭ്യര്‍ത്ഥിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും നേരിടണമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഈ സമയത്ത് കൂടുതല്‍ ഭിന്നതയും അവിശ്വാസവും ധ്രുവീകരണവും ലക്ഷ്യമിട്ട് ഔദ്യോഗിക, അനൗദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ബിജെപി ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിനായി വിനോദസഞ്ചാരികളെ സംരക്ഷിക്കാന്‍ നിസ്വാര്‍ത്ഥമായി ശ്രമിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച നാട്ടുകാര്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും സിഡബ്ല്യുസി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രത്തിന്റെ കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.

അമര്‍നാഥ് യാത്ര ഉടന്‍ ആരംഭിക്കാന്‍ പോവുകയാണ് . ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഈ വാര്‍ഷിക യാത്രയില്‍ പങ്കെടുക്കുന്നു. അവരുടെ സുരക്ഷ ഒരു ദേശീയ മുന്‍ഗണനയായി കണക്കാക്കണമെന്ന് സിഡബ്‌ളിയു സി ആവശ്യപ്പെട്ടു. ശക്തവും സുതാര്യവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണം. തീര്‍ത്ഥാടകരുടെ സുരക്ഷയും, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ജമ്മു-കാശ്മീരിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഗൗരവത്തോടെ സംരക്ഷിക്കണം.

ജമ്മു-കാശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൗരന്മാരും കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കാണമെന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും നിലപാടെന്നും പ്രവര്‍ത്തക സമതി പാസ്സാക്കിയ പ്രമേയം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്നിവരും പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.