വരാനിരിക്കുന്ന സെന്‍സസില്‍ ‘സുതാര്യമായ’ രീതിയില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന തീരുമാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വാഗതം ചെയ്തു. എന്നാല്‍, പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനായി ഇതുവരെ മതിയായ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണമില്ലാതെ എങ്ങനെ സര്‍വേ നടത്താന്‍ കഴിയുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
‘അവര്‍ ഒരു സമയപരിധി നിശ്ചയിക്കണം. സമയപരിധിയില്ലെങ്കില്‍, ഇത് ഒരുപാട് വൈകാന്‍ സാധ്യതയുണ്ട്. അതിനാല്‍, സര്‍ക്കാര്‍ ഇതിന് പ്രത്യേക ശ്രദ്ധ നല്‍കി, രണ്ടോ മൂന്നോ മാസത്തിനുള്ളിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിലോ, എത്രയും വേഗം സര്‍വേ നടത്തി ജനങ്ങളുടെ ആഗ്രഹവും നല്‍കിയ വാഗ്ദാനവും നിറവേറ്റണം,’ ഖാര്‍ഗെ നിര്‍ദ്ദേശിച്ചു.
വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജാതി സെന്‍സസ് പ്രഖ്യാപിച്ചതെന്ന് കരുതുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി എഐസിസി അധ്യക്ഷന്‍ പറഞ്ഞു.’ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. നല്ല കാര്യങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, മോശം കാര്യങ്ങളെ എതിര്‍ക്കുന്നു. കാരണം ആത്യന്തികമായി രാജ്യവും ജനങ്ങളുമാണ് പ്രധാനം. ജനങ്ങള്‍ ജാതി സെന്‍സസ് ആഗ്രഹിച്ചതുകൊണ്ട് ഞങ്ങള്‍ അതിനായി പ്രക്ഷോഭം നടത്തി… രാജ്യത്തുടനീളം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും പ്രക്ഷോഭം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് ആവശ്യപ്പെടുന്നതില്‍ മുന്‍കൈയെടുത്തു. ഞങ്ങള്‍ അത് നേടിയെടുത്തു, ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച ഖാര്‍ഗെ, ‘ഇത് ഉടന്‍ നടപ്പാക്കണം, വെറുമൊരു പ്രഹസനമാകരുത്. സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ കുറ്റമറ്റ രീതിയില്‍ നടത്തണം,’ എന്നും കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നടത്തിയ ജാതി സര്‍വേകള്‍ അശാസ്ത്രീയമാണെന്ന് വിമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘കേന്ദ്രം ഇപ്പോള്‍ ഇത് നടത്തുകയാണല്ലോ, നമുക്ക് കാണാം,’ എന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.