വീണയ്ക്ക് കുരുക്ക് മുറുക്കി SFIO കുറ്റപത്രം; പ്രതിമാസം ലഭിച്ചത് 8 ലക്ഷം രൂപ

Jaihind News Bureau
Thursday, April 24, 2025

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ വീണ്ടും കുരുക്ക് മുറുകന്നു. വീണക്കെതിരെ എസ്എഫ്‌ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടിരുന്നുവെന്നും സിഎംആര്‍എല്ലില്‍ നിന്നുള്ള പണമായിരുന്നു കമ്പനിയുടെ പ്രധാന വരുമാനമെന്നുമാണ് എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തല്‍. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ്.എഫ.്‌ഐ.ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. എക്‌സാലോജിക് എന്നാല്‍ വീണ മാത്രം.