കേരളത്തിൽ കോവിഡ് മഹാമാരിക്ക് ശേഷമുള്ള, പിന്നിട്ട നാലു വർഷങ്ങളിൽ ആരോഗ്യ വകുപ്പ് നേരിട്ടത് ഏറെ വെല്ലുവിളികളാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ വകുപ്പിന്റെ പ്രവർത്തനം പലതവണ വിമർശനത്തിന് വിധേയമായി. ആശാ വർക്കർമാരുടെ നീതിക്ക് വേണ്ടിയുള്ള സമരം 75 ആം ദിവസത്തിലേക്ക് കടക്കുമ്പോഴും ആരോഗ്യമന്ത്രി അനങ്ങാപ്പാറ സമീപനം തുടരുകയാണ്.
കഴിഞ്ഞ 4 വർഷത്തിനിടയിൽ ആരോഗ്യ വകുപ്പിനെ പോലെ വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വന്ന മറ്റൊരു വകുപ്പും രണ്ടാം പിണറായി ഭരണത്തിൽ ഉണ്ടാവില്ല. കോവിഡ് മഹാമാരിക്ക് ശേഷമുള്ള നാലു വർഷങ്ങളിൽ ആരോഗ്യ വകുപ്പ് നേരിട്ടത് ഏറെ വെല്ലുവിളികളാണ്. കോവിഡ്-19 കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി വന്ന രണ്ടാം സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടർച്ചയായി നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും, അതിന്റെ ഉറവിടം കണ്ടെത്താനും പൂർണ്ണമായി നിയന്ത്രിക്കാനും സാധിക്കാത്തതും ആരോഗ്യ വകുപ്പിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരക്കെ ആക്ഷേപം ക്ഷണിച്ച് വരുത്തി. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം, മെഡിക്കൽ കോളേജുകളിൽ നിലനിൽക്കുന്ന ക്രമസമാധാനക്കുറവ്, മരുന്നുകളുടെ ലഭ്യതയിൽ ഉണ്ടായിരിക്കുന്ന തടസങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ആരോഗ്യമേഖലയെ ബാധിച്ചിട്ടുണ്ട്.
പലപ്പോഴും മരുന്നുകളുടെയും മറ്റ് ചികിത്സാ സാമഗ്രികളുടെയും ക്ഷാമം അനുഭവപ്പെടുന്നത് രോഗികളെ വലക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനക്ഷമതയിലെ കുറവും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്.
അതിനൊപ്പം, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയും ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ തസ്തിക സ്ഥാനമാറ്റങ്ങളും വാര്ത്തകളായി വന്നിരുന്നു. നഴ്സുമാരുടെ സമരങ്ങൾ, കരാർ ജോലിക്കാരുടെ ശമ്പള വൈകിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളും 4 വർഷവും സജീവമായിരുന്നു. ഏറ്റവും ഒടുവിൽ ആശാവർക്കർമാർ അവകാശ പോരാട്ടത്തിലാണ്. സമരം 75 ആം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരം ഇപ്പോഴും അകലെതന്നെ. സ്ത്രീകൾ മൊട്ടയടിച്ചും- മുടി മുറിച്ചും -നിരാഹാരം കിടന്നും സർക്കാരിൽ നിന്നും നീതിതേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്നതും ആരോഗ്യവകുപ്പിന്റെ വീഴ്ചയായി തുടരുന്നു. പ്രതിപക്ഷം ഓരോ ഘട്ടത്തിലും ആരോഗ്യ വകുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ പാളിച്ചകളാണ് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. എന്നാൽ ഒന്നും കണ്ടില്ല, കേട്ടില്ല നിലപാട് സ്വീകരിച്ച് തിരുത്തലുകൾ വരുത്താതെ 4 വർഷവും സർക്കാർ മുന്നോട്ട് പോയി.
ജനാരോഗ്യ രംഗത്തെ പാളിച്ചകൾ സർക്കാരിന്റെ പൊതുവായ കണക്കെടുപ്പിലും പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടലുകൾ ചെയ്യേണ്ട ഘട്ടത്തിൽ മൗനം പാലിച്ചുവെന്ന വിമർശനം ഉയരുകയാണ്.