പഹല്‍ഗാം ഭീകരാക്രമണം: ജീവന്‍വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു; കെ.മുരളീധരന്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

Jaihind News Bureau
Thursday, April 24, 2025

ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിനുമുമ്പില്‍ മെഴുകുതിരി കത്തിച്ചു. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു. കെ.മുരളീധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും അഖണ്ഡതയും സുരക്ഷയും സമാധാനവും തകര്‍ക്കുന്ന ഭീകരശക്തികളെ ഉന്മൂലനാശം ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്റ് അവസരത്തിനൊത്ത് ഉയരണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. അതീവ ഹൃദയഭേദകമായ ഭീകരാക്രമണത്തില്‍ ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ദേശാഭിമാനികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും ഭീകരവിരുദ്ധപ്രതിജ്ഞ എടുക്കാനും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച രാജ്യരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.മുരളീധരന്‍. നിരപരാധികളുടെ ചോരവീഴ്ത്താന്‍ നേതൃത്വം നല്‍കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള ഭീരുക്കളായ വിഘടനവാദികളെ പ്രതിരോധിക്കുമെന്നും ഭീകരാക്രമണത്തില്‍ തളരാതെ പോരാടേണ്ട സമയമാണിതെന്നും യുദ്ധവും രക്തച്ചൊരിച്ചിലും ഇല്ലാത്ത ലോകം കെട്ടിപ്പടുക്കുന്ന ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും രാജ്യസുരക്ഷക്കും ജനങ്ങളുടെ സമാധാനജീവിതത്തിനുമായി പ്രവര്‍ത്തിക്കുമെന്നും ജാതിയോ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവര്‍ക്കുമിടയിലും സമാധാനവും ബഹുമാനവും പ്രോത്സാഹിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.

കെ.പി.സി.സി ഭാരവാഹികളായ ജി.സുബോധന്‍, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാര്‍, റ്റി.ശരത്ചന്ദ്രപ്രസാദ്, പി.കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ചെമ്പഴന്തി അനില്‍, കമ്പറ നാരായണന്‍, കൈമനം പ്രഭാകരന്‍, സുഭാഷ് കുടപ്പനക്കുന്ന്, നരുവാമൂട് ജോയി, ചാലസുധാകരന്‍, എം.എ.പത്മകുമാര്‍, ആര്‍.ഹരികുമാര്‍, സേവ്യര്‍ ലോപ്പസ്, അണിയൂര്‍ പ്രസന്നകുമാര്‍, വെള്ളൈക്കടവ് വേണുകുമാര്‍, പാറ്റൂര്‍ സുനില്‍, കുമാരപുരം രാജേഷ്, നേമം ഷജീര്‍, തോംസണ്‍ ലോറന്‍സ്, ആര്‍. ലക്ഷ്മി, ജോര്‍ജ് ലൂയീസ്, ഡി.സി.സി ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിലും മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. വ്യാഴാഴ്ച എല്ലാ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും പരിപാടികള്‍ നടത്തും.