കശ്മീരിനെതിരായ ഭീകരാക്രമണമായി വേണം ഇതിനെ എടുക്കാനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആഭ്യന്തരമന്തിക്കൊപ്പം സ്ഥലത്തെത്തിയിരുന്നതായും സര്‍ക്കാരിന്റെ നല്ല നടപടികള്‍ക്ക് പൂര്‍ണ പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും
അദ്ദേഹം വ്യക്തമാക്കി. ഒപ്പം ശ്രീനഗറിലെ പി.സി. ആര്‍. ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനും അദ്ദേഹം എത്തി.
രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍.ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു.ഭീകരാക്രണത്തിനെതിരെ കശ്മീര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. 4 ഭീകരരുടെ ചിത്രവും അന്വേഷണ സംഘം പുറത്തു വിട്ടു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാന്‍ കേന്ദ്രം. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.