കശ്മീരില്‍ ഉണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണം- വി.ഡി.സതീശന്‍

Jaihind News Bureau
Wednesday, April 23, 2025

പി.വി അന്‍വറുമായി വിശദമായി സംസാരിച്ചുവെന്നും  അദ്ദേഹം കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ല. എല്ലാ യു.ഡി.എഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ.

കോണ്‍ഗ്രസും യു.ഡി.എഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പി.വി അന്‍വര്‍ പരിപൂര്‍ണ പിന്തുണ നല്‍കും. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി യു.ഡി.എ.ഫിനില്ല. 9 വര്‍ഷം നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും.

കശ്മീർ ഭീകരാക്രമണത്തില്‍ പ്രതികരിച്ചത്:

എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുന്‍പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്.