ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്മേട്ടില് വിനോദസഞ്ചാരികള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പെഹല്‍ഗാം. ഇവിടെയുള്ള ബൈസാറിന്‍ എന്ന കുന്നിന്മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയാണ് ബൈസാറിന്‍ പുല്‍മേട് സ്ഥിതി ചെയ്യുന്നത്, കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ. ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം.
ഭീകരാക്രമണത്തെത്തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ഉള്‍പ്പെടെയുള്ള ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥര്‍ വെര്‍ച്വലായും യോഗത്തില്‍ പങ്കെടുക്കുന്നു.
രണ്ട് പേര്‍ക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. വിനോദസഞ്ചാരികള്‍ അടുത്തെത്തിയപ്പോള്‍ അവരുടെ നേര്‍ക്ക് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു. ‘ഞാന്‍ ആത്മാര്‍ത്ഥമായും ഞെട്ടിപ്പോയി. ഞങ്ങളുടെ സന്ദര്‍ശകര്‍ക്ക് നേരെയുള്ള ഈ ആക്രമണം മനുഷ്യത്വമില്ലായ്മയാണ്. ഈ ആക്രമണത്തിന്റെ പിന്നിലുള്ളവര്‍ മൃഗങ്ങളാണ്. അപലപിക്കാന്‍ വാക്കുകള്‍ പോരാ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു. മു്ഖ്യമന്ത്രി എക്സില്‍ കുറിച്ചു.