ഗവര്‍ണര്‍ക്ക് സമയപരിധി ബാധകമെന്ന് കേരളം, അല്ലെന്ന് കേന്ദ്രം; തീര്‍പ്പാക്കാന്‍ സുപ്രീംകോടതി

Jaihind News Bureau
Tuesday, April 22, 2025

നിയമസഭ പാസ്സാക്കി അയയ്ക്കുന്ന ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ് നാടിനു ലഭിച്ച വിധി കേരളത്തിനും ബാധകമാക്കമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജി വസ്തുതാപരമായി മാറ്റമുണ്ട്. അതിനാല്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീംകോടതിയില്‍ വാദിച്ചു.

തമിഴ്‌നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിന്റെ കേസും ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളസര്‍ക്കാരും ടി പി രാമകൃഷ്ണന്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന അപേക്ഷ കേരളം പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ലുകള്‍ വിടുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിനാലാണ് തീരുമാനം. ഹര്‍ജികള്‍ മെയ് മാസം ആറിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി