ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതവും അതിനെ തുടര്‍ന്നുള്ള ഹൃദയസ്തംഭനവുമാണെന്ന് സ്ഥിരീകരിച്ചു. ഒമ്പതു ദിവസത്തെ ദുഃഖാചരണമാണ് ഇറ്റലിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കാലം ചെയ്ത മാര്‍പ്പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കു ശേഷം പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. കത്തോലിക്കാ സമുദായത്തിന്റെ പരമാദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് പുതിയ ആളിനെ തിരഞ്ഞെടുക്കുന്നത് ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്‌ളേവാണ്. ഏകദേശം 135 കര്‍ദ്ദിനാള്‍മാരില്‍ എണ്‍പതു വയസ്സിന് താഴെയുള്ള 120 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് കര്‍ദ്ദിനാള്‍മാരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ആകെ നാല് പേര്‍ കര്‍ദ്ദിനാള്‍ ഇലക്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യാക്കാര്‍ ഇവരാണ്. കര്‍ദ്ദിനാള്‍ ഫിലിപ്പ് നെറി ഫെറാവു (ഗോവ ആര്‍ച്ച് ബിഷപ്പ് ), കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് (സീറോ-മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (വത്തിക്കാന്‍) , കര്‍ദ്ദിനാള്‍ ആന്റണി പൂല (ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ) എന്നിവരാണ് ഇന്ത്യയില്‍ നിന്ന് വോട്ടിംഗില്‍ പങ്കെടുക്കുന്നത്.