കോട്ടയം തിരുവാതുക്കലില്‍ ഇരട്ട കൊലപാതകം; ദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

Jaihind News Bureau
Tuesday, April 22, 2025

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും, ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലെ വീടിനുള്ളിലാണ് വിജയകുമാര്‍, ഭാര്യ മീര എന്നിവരെ മരിച്ച നിലയില്‍ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് സ്ഥിരീകരണം. മൃതദേഹത്തിന് സമീപത്തു നിന്ന് ആയുധങ്ങള്‍ കണ്ടെത്തി എന്നാണ് പറയുന്നത്. ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാര്‍.

രക്തം വാര്‍ന്ന് നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിപാടുകള്‍ കണ്ടെത്തിയിട്ടുുണ്ട്. പ്രാഥമിക പരിശോധനയിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മരിച്ചു കിടക്കുന്ന ദമ്പതികളെ  കണ്ടെത്തിയത്. തുടര്‍ന്ന് ജോലിക്കാരി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരം മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും കരുതുന്നു.