അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Jaihind News Bureau
Monday, April 21, 2025

ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെ വീണ്ടും വിപ്‌ളവ ഗാനം ആലപിച്ച് ഗസല്‍ ഗായകന്‍ അലോഷി. അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉരുള്‍ മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ അലോഷി വിപ്ലവഗാനം ആലപിച്ചത് വിവാദമായി.സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എന്‍ ബിഷ്ണുവാണ് പരാതി നല്‍കിയിരിക്കുന്നത്

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പോലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് അന്ന് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസില്‍ പ്രതികളാണ്. ആ കേസ് നിലനില്‍ക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകര്‍ക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ പ്രകടമാണെന്ന് ഹൈക്കോടതി കടയ്ക്കല്‍ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയല്‍ നിയമപ്രകാരം വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷന്‍ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു