ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി ആര് ? പ്രഖ്യാപനം എപ്പോഴായിരിക്കും

Jaihind News Bureau
Monday, April 21, 2025

മാര്‍പ്പാപ്പ കാലം ചെയ്താല്‍ വത്തിക്കാന്റെ പരമോന്നത പദവി കുറച്ചു കാലം ഒഴിഞ്ഞു അവസ്ഥയിലായിരിക്കും. ഈ ദുഃഖാചരണ വേളയില്‍, വത്തിക്കാന്‍ sede vacante എന്ന അവസ്ഥയിലായിരിക്കും. ഈ സമയത്ത് സഭയുടെ ഭരണം കര്‍ദ്ദിനാള്‍മാരുടെ സംഘമാണ്. ദൈനംദിന കാര്യങ്ങള്‍ കര്‍ദ്ദിനാള്‍മാര്‍ കൈകാര്യം ചെയ്യുമെങ്കിലും, ഒരു പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാന തീരുമാനങ്ങളൊന്നും ഇവര്‍ എടുക്കില്ല.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലാളിത്യത്തെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായതിനാല്‍ വിപുലമായ ക്രമീകരണങ്ങളിലും ഇതു പ്രകടമായിരിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഒരു ഔപചാരിക ഘോഷയാത്ര ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട് . പരമ്പരാഗതമായി, മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മാര്‍പ്പാപ്പയുടെ ശവസംസ്‌കാരം നടത്തുന്നത്. നാല് മുതല്‍ ആറ് ദിവസങ്ങള്‍ വരെ കഴിഞ്ഞ് ശവസംസ്‌കാരം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഒമ്പത് ദിവസം അനുബന്ധ ചടങ്ങുകള്‍ നടക്കും. റോമിലെ വിവിധ പള്ളികളില്‍ ഈ ചടങ്ങുകള്‍ സാധാരണയായി നടത്താറുണ്ട്.

ചരിത്രപരമായി, സൈപ്രസ്, എല്‍മ് എന്നീ തടികള്‍ കൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടികളിലാണ് മാര്‍പ്പാപ്പമാരെ അടക്കം ചെയ്തിരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലാളിത്യത്തിന് അനുസൃതമായി, സിങ്ക് പൊതിഞ്ഞ മര ശവപ്പെട്ടിയില്‍ തന്നെയാവും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും അടക്കം ചെയ്യുക. ശവസംസ്‌കാര വേളയില്‍, ജീവിതത്തില്‍ നിന്ന് നിത്യവിശ്രമത്തിലേക്കുള്ള പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മക ചടങ്ങായി, പോപ്പിന്റെ മുഖം ഒരു വെളുത്ത പട്ടുതുണികൊണ്ട് മൂടും. അതിനു ശേഷമായിരിക്കും ശവപ്പെട്ടി അടയ്ക്കുക. കൂടാതെ, അദ്ദേഹത്തിന്റെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളുടെ ഒരു ബാഗും റോജിറ്റോ എന്നറിയപ്പെടുന്ന ഒരു രേഖയും ശവപ്പെട്ടിക്കുള്ളില്‍ വയ്ക്കും. പോപ്പിന്റെ ജീവിതത്തെയും നേട്ടങ്ങളെയും വിവരിക്കുന്ന റോജിറ്റോ, ശവപ്പെട്ടി അടയ്ക്കും മുമ്പ് ഉച്ചത്തില്‍ വായിക്കും

പാരമ്പര്യമനുസരിച്ച്, ഫ്രാന്‍സിസ് മാര്‍പാപ്പയെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും അടക്കം ചെയ്യുക.

പുതിയ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ്

ശവസംസ്‌കാരവും ചടങ്ങുകളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത പ്രധാന ഘട്ടം മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവാണ്. സഭയെ താല്‍ക്കാലികമായി നിയന്ത്രിക്കുന്ന കാര്‍ഡിനല്‍സ് കോളേജ്, ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുവാന്‍ തയ്യാറെടുക്കും.ഒരു പോപ്പിന്റെ മരണത്തിന് 15 മുതല്‍ 20 ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് സാധാരണയായി വിളിച്ചുകൂട്ടുന്നത്.

ഇത്തവണ കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിക്കുന്നത് കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ നിലവിലെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ (91) ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 80 വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കു മാത്രമാണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. ഇവര്‍ ഏകദേശം 120 പേരുണ്ട്. സിസ്‌റ്റൈന്‍ ചാപ്പലില്‍ ബാഹ്യ സ്വാധീനമില്ലാതെ തെരഞ്ഞെടുപ്പു നടത്തും. സാധാരണയായി ഡീന്‍ കോണ്‍ക്ലേവിന്റെ മേല്‍നോട്ടം വഹിക്കുന്നു, എന്നാല്‍ കര്‍ദ്ദിനാളിന് 80 വയസ്സിനു മുകളിലുള്ളതിനാല്‍, അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

പ്രക്രിയയില്‍ ഒന്നിലധികം റൗണ്ട് വോട്ടിംഗ് ഉള്‍പ്പെടുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് പോപ്പ് ആയി തെരഞ്ഞെടുക്കാന്‍ വേണ്ടത്. ഒരു റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, ബാലറ്റുകള്‍ ശേഖരിച്ച് കത്തിക്കുന്നു. ഒരു ചിമ്മിനിയില്‍ നിന്ന് പുറപ്പെടുന്ന പുകയിലൂടെയാണ് ഫലം സൂചന നല്‍കുന്നത്: കറുത്ത പുക ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു, അതേസമയം വെളുത്ത പുക ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.