മാര്‍പ്പാപ്പ കാലം ചെയ്തത് ആരാണ് സ്ഥിരീകരിക്കുന്നത്… ? ഒരുക്ക ചടങ്ങുകള്‍ ഇങ്ങനെ

Jaihind News Bureau
Monday, April 21, 2025

മാര്‍പ്പാപ്പയുടെവിയോഗം സ്ഥിരീകരിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്. വത്തിക്കാന്‍ പിതാവിന്റെ വിയോഗത്തില്‍ വത്തിക്കാനിലെ ചടങ്ങുകള്‍ എന്തൊക്കെയായിരിക്കും.. ?

സാധാരണയായി ഈ ഉത്തരവാദിത്തം വത്തിക്കാന്‍ ആരോഗ്യ വകുപ്പിനും കാമര്‍ലെംഗോയ്ക്കുമാണ്. മരണം സ്ഥിരീകരിക്കുന്നതിനും പ്രാരംഭ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ക്യാമര്‍ലെംഗോ ആയ 77 വയസ്സുള്ള കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെലിനാണ്. റോമന്‍ കത്തോലിക്കാ സഭയില്‍, പരിശുദ്ധ സിംഹാസനത്തിന്റെ ട്രഷററായും സാമ്പത്തിക സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന ഒരു കര്‍ദ്ദിനാളിനെയാണ് കാമര്‍ലെംഗോ എന്ന് വിളിക്കുന്നത്. പോപ്പ് കാലം ചെയ്താല്‍ കാമര്‍ലെംഗോ മരണം സ്ഥിരീകരിക്കുകയും, പോപ്പിന്റെ വസതി മുദ്രവെക്കുകയും ചെയ്യുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള ചുമതലയും ഇദ്ദേഹത്തിനായിരിക്കും. 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ ആണ് നിലവിലെ കാമര്‍ലെംഗോ.

മരണം സ്ഥിരീകരിച്ചാല്‍ മാര്‍പ്പാപ്പയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ, മൃതദേഹം ഒരു വെളുത്ത വസ്ത്രം ധരിപ്പിച്ച് സിങ്ക് പൊതിഞ്ഞ ഒരു മരശവപ്പെട്ടിയില്‍ കിടത്തും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരം ചുവന്ന വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിക്കും . ഇത് ആചാരത്തിന്റെയും പാരമ്പര്യത്തിന്റേയും ഭാഗമാണ്.
അതിനു ശേഷം ഒരു പാപ്പാ സ്ഥാനത്തിന്റെ അടയാളവും അധികാര പ്രതീകവുമായ ‘ ഫിഷര്‍മെന്‍സ് റിംഗ് ‘ എന്നറിയപ്പെടുന്ന പോപ്പിന്റെ ഔദ്യോഗിക മുദ്ര ആചാരപരമായി മുറിച്ചു മാറ്റും.

ചരിത്രപരമായി, കാമര്‍ലെംഗോയാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത് . ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. അത്യന്തം ഹൃദയസ്പര്‍ശിയായ ചടങ്ങാണിത്.