ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ലോകം മുഴുവന്‍ ദുഃഖിതരാണെന്നും അദ്ദേഹത്തെ ഭാവിതലമുറ എന്നും ഓര്‍മിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള ധാരണയുടെയും ഇടപെടലിന്റെയും സ്ഥിരമായ വക്താവായിരുന്നുവെന്നു. എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കുക, സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സഹകരണ ശ്രമങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങളെ സജീവമായി പിന്തുണച്ച അദ്ദേഹം ആഗോള സമാധാനത്തിനും ഐക്യത്തിനും വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ശക്തി കൂടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും മഹനീയ ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.. അസമത്വത്തിനെതിരെ നിര്‍ഭയമായി സംസാരിച്ചു, സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒരു കലവറ കൊണ്ട് വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ലോകത്തിനാകെ ഒരു നഷ്ടമാണെന്നും അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്ത്തീഭാവമായിരുന്നുവെന്നും സത്യത്തിനുവേണ്ടി നിലകൊണ്ട, അനീതിക്കെതിരെ നിര്‍ഭയമായി സംസാരിച്ച, യഥാര്‍ത്ഥ വിശ്വാസത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പരിപാലിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രിയങ്ക ഗാന്ധി എം.പി കുറിച്ചു.
ലോകത്തെ എല്ലാരും വേദനിക്കുന്ന നിമിഷമാണിതെന്ന് എ.കെ ആന്റണി മാര്‍പ്പാപ്പയെ അനുസ്മരിച്ചു. സമാധാനത്തിന്റെ വക്താവാണ് അദ്ദേഹമെന്നും എകെ ആന്റണി പറഞ്ഞു.
മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.സി.വേണുഗോപാല്‍ എം.പി. ഇന്നലെ ഉയിര്‍പ്പ് ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടിച്ചുകൂടിയ വിശ്വാസികളുടെ കാതുകളിലേക്ക് യുദ്ധവെറിക്കെതിരെ വിശ്വമാനവികതയുടെ സന്ദേശം നല്കുമ്പോള് ഏറെ പ്രതീക്ഷിച്ചിരുന്നു, ഇനിയും ഈ ലോകത്തിന് വഴികാട്ടാന്‍ അങ്ങുണ്ടാകുമെന്ന്. ഒടുവില്‍ ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്നത്, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം കൂടിയാണ്. ഭീകരതയ്ക്കും യുദ്ധങ്ങള്‍ക്കുമെതിരെ നിലപാടെടുത്തും അഭയാര്‍ത്ഥികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടും ഈ ലോകത്തിന് നേര്‍വഴി കാണിച്ചുനല്‍കിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കിനില്ക്കും. ലോകം പഠിക്കട്ടെ, അങ്ങെന്ന ദൈവാംശത്തില്‍ നിന്ന്. ഞങ്ങളുടെ കാലത്ത് ജീവിച്ചതിന് നന്ദി എന്നായിരുന്നു കെ.സി വേണുഗോപാല്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചത്.
ആഗോള കത്തോലിക്ക സഭയുടെ മഹാ ഇടയന് ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയിലെന്ന് കെ.സുധാകരന് എം.പി.. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവീകതയുടെയും മുഖമായിരുന്നുവെന്നും ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേര്‍ന്ന് മാര്‍പാപ്പക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എം.പി സമൂഹ മാധ്യമ പോസ്റ്റിലൂടെ അനുശോചിച്ചു.
മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയന്. ലളിത ജീവിതത്തിന്റെ പ്രയോക്താവ്.മനുഷ്യത്വത്തിന്റെയും മാനവീകതയുടെയും മുഖം. ശാന്തിദൂതന്‍.വിശ്വാസികള്‍ക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍.
ലോകത്തിന് തന്നെ തീരാനഷ്ടമാണ് മാര്‍പ്പാപ്പയുടെ വിയോഗമെന്ന് അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.മനുഷ്യ സമൂഹത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും ലോകം വലിയ സ്വീകാര്യതയിലാണ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന്റെ മഹനീയമായ മാതൃകയാണ് നഷ്ടപ്പെട്ടതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്.ലോകത്തിന് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം നല്‍കിയെന്നും എം.എം ഹസ്സന് പറഞ്ഞു.