ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഓം പ്രകാശിന്റെ മകന് കാര്‍ത്തികേഷ് തന്റെ അമ്മ പല്ലവി കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസിന് മൊഴി നല്കി. മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് ഭാര്യപല്ലവിയെയും മകള്‍ കൃതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് ഓം പ്രകാശിനൊപ്പം താമസിച്ചിരുന്നത്.
അമ്മ പല്ലവി പലപ്പോഴും അകാരണമായ ഭയം പ്രകടിപ്പിച്ചിരുന്നുവെന്നും ഓം പ്രകാശ് തന്നെ ഉപദ്രവിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും മകന് പറയുന്നു. പലതവണ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. പല്ലവി പലപ്പോഴും മാനസിക രോഗത്തിന്റെ ഭാഗമായ മിഥ്യാധാരണയിലായിരുന്നുവെന്നും കാര്‍ത്തികേഷിന്റെ മൊഴിയില്‍ പറയുന്നു. കേസിലെ പ്രധാന പ്രതിയായ പല്ലവി കഴിഞ്ഞ 12 വര്‍ഷമായി സ്കീസോഫ്രീനിയ രോഗിയാണ് . ഇതിന്റെ ചികിത്സ തേടുന്നുണ്ട്.
പല്ലവിയെയും കൃതിയെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഓം പ്രകാശിന്റെ വയറ്റിലും കഴുത്തിലും ഒന്നിലധികം കുത്തേറ്റ മുറിവുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് മേധാവി ബി ദയാനന്ദ് പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. രക്തം നഷ്ടപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.