മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് നിര്‍ണായക ദിനമാണിന്ന്. വീണ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക്ക് പണമിടപാട് കേസിന് ആധാരമായ എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഇന്നു പരിഗണിക്കപ്പെടുകയാണ്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഈ കേസ് പരിഗണിക്കുക.
അതേസമയം, വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെ പകര്‍പ്പും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കേസിലെ കുറ്റപത്രം പരിശോധിച്ച ശേഷമാണ് ഇ.ഡിയുടെ നീക്കം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി അപേക്ഷ നല്‍കി.
അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കില്‍ക്കൂടി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് കഴിഞ്ഞ തവണ സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ മറ്റൊരു ബെഞ്ചിനെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ തവണ പരിഗണിച്ച ബെഞ്ച്, കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വീണ്ടും വിടുകയായിരുന്നു. ഹര്‍ജിയില്‍ കോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.