ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷക ജിസ്മോളുടേയും, മക്കളുടെയും സംസ്കാരം നടന്നു. പാലാ മുത്തോലിയിലെ ജിസ്മോളുടെ ഇടവക പള്ളിയിലാണ് മൂവരുടെയും സംസ്കാരം നടന്നത്. മൂവരും മരിക്കാന്‍ ഇടയായ സാഹചര്യങ്ങളില്‍ ദുരൂഹത ആരോപിച്ച് ഇവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും. പള്ളിയിലെത്തിയ ഭര്‍ത്താവ് ജിമ്മിക്കു നേരേ നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ജിസ്മോളുടെയും മക്കളുടെയും സംസ്കാര ചടങ്ങുകള്‍ നടന്നത്. പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഭര്‍ത്താവിന്റെ നാടായ അയര്‍ക്കുന്നം ലൂര്‍ദ് മാതാ പള്ളിയിലേക്കാണ് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്. ഭര്‍ത്താവിന്റെ വസതിയില്‍ മൃതദേഹങ്ങള്‍ എത്തിക്കാന്‍ ജിസ്മോളുടെ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചിരുന്നു. പള്ളിയില്‍ ജിസ്മോള്‍ക്ക് മക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ നാട്ടുകാരും ബന്ധുക്കളും എത്തി. അതിനിടയില്‍ പള്ളിയില്‍ എത്തിയ ജിസ് മോളുടെ ഭര്‍ത്താവ് ജിമ്മിക്കു നേരേ നാട്ടുകാരുടെ ഭാഗത്തുനിന്ന് രോഷപ്രകടനം ഉണ്ടായി.
ഇവിടുത്തെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ചു. ഇവിടെയും നിരവധി ആളുകള്‍ ഇവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.. വീട്ടിലെ പൊതു ദര്‍ശനത്തിനു ശേഷം നാലുമണിയോടുകൂടിയാണ് ജിസ് മോളുടെ ഇടവകപ്പള്ളിയില്‍ മൂവരെയും സംസ്കരിച്ചത്.
ഏപ്രില്‍ 15നാണ് ജിസ്മോള്‍ രണ്ടും അഞ്ചും വയസായ പെണ്മക്കളുമായി അയര്‍ക്കുന്നത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. അഭിഭാഷകയായ ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ഭര്‍ത്താവ് ജിമ്മിയുടെ വീട്ടുകാരുമായി ഉണ്ടായ കുടുംബപ്രശ്നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ജിസ്മോളുടെ കുടുംബത്തിന്റെ ആരോപണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇവരുടെ ഭര്‍ത്താവ് ജിമ്മിക്കും വീട്ടുകാര്‍ക്കും എതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കും.