റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളും ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്നതിലാണ് സിപിഎം നേതാക്കള്‍ ആനന്ദം കണ്ടെത്തുന്നത്. സി.പി.ഒ സമരക്കാരുടേത് ദുര്‍വാശിയെന്ന് പി.കെ. ശ്രീമതി പറയുന്നു. അതേസമയം, നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നാണ് ഇ.പി. ജയരാജന്റെ ചോദ്യം. എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന കസേരയില്‍ ഇരിക്കുന്ന ടി പി രാമകൃഷ്ണന്‍ എംഎല്‍ എ ആവട്ടെ ഒരു സമരം തുടങ്ങുമ്പോള്‍ എവിടെ നിര്‍ത്തിക്കണമെന്ന് ധാരണ ഉണ്ടാകണമെന്നാണ് ഉപദേശിച്ചുകൊടുത്തത്.
സമരത്തിലൂടെ വളര്‍ന്നുപടര്‍ന്നു പന്തലിച്ചുവെന്ന് വിളിച്ചു കൂവുന്ന പാര്‍ട്ടിയുടെ നേതാക്കളാണ്, ആശാ സമരത്തേയും സിപിഒ റാങ്ക് ലിസ്റ്റിലുള്ള പെണ്‍കുട്ടികളേയും നാവിന് എല്ലില്ലാത്ത ഭാഷയില്‍ പരിഹസിക്കുന്നത്. ഈ പരിഹാസം ഒഴിച്ചു നിര്‍ത്തിയാല്‍ പാര്‍ട്ടിയുടെ ഗുണം തന്നെ നേതാക്കള്‍ക്ക് ഇല്ലാതാവും എന്ന മാനസികാവസ്ഥയിലാണ് സിപിഎമ്മും പോഷക സംഘടനകളും ഇവരെ പ്രതിരോധിക്കുന്നത്.
പി എസ്സ് സി റാങ്ക് പട്ടികയില്‍ കുറേപ്പേര്‍ ഉണ്ടാകും, അതില്‍ എല്ലാവര്‍ക്കും നിയമനം ലഭിക്കില്ലെന്നാണ് മുന്‍ ആരോഗ്യമന്ത്രികൂടിയായ പി.കെ.ശ്രീമതി പറയുന്നത്.റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി നല്‍കുക എന്നത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണെന്നു കൂടി ശ്രീമതി പറയുന്നു. ഇവരാകട്ടെ മന്ത്രിപദവിയിലെത്തിയപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകി കയറ്റാന്‍ നടത്തിയ ശ്രമം ആരും മറന്നിട്ടില്ല.
ഇതുപോലെ മറ്റൊരാളാണ് ഇ പി ജയരാജന്‍. കുറച്ചു പേര്‍ നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നാണ് ഇ.പി. ജയരാജന്റെ ചോദ്യം. മന്ത്രിയായി തെരഞ്ഞടുത്തതിന്റെ പിറ്റേന്നുതന്നെ ബന്ധപ്പെട്ട വകുപ്പില്‍ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ വല്യസഖാവാണ്് ഈ ന്യായം പറയുന്നത്. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പി എസ് സി ഒരു തമാശയ ആയിരിക്കാം. പാര്‍ട്ടിക്കാരെ എസി റൂമില്‍ ഇരിക്കാനും ലക്ഷങ്ങള്‍ സര്‍്ക്കാര്‍ ശമ്പളം നല്‍കി പൊറുപ്പിക്കാനുമുള്ള സ്ഥാപനവുംആയിരിക്കാം, പക്ഷേ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതല്ല . അവര്‍ക്ക് ജീവിതവും ലക്ഷ്യങ്ങളും സ്വന്തം കഴിവിലൂടെ നേടാനുള്ള പൊതു സ്ഥാപനമാണ്.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി എന്നത് നടപ്പാകുന്ന ഒന്നല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു. പിഎസ്.സിയിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമനം ലഭിക്കുന്നത് കേരളത്തിലാണ്. ഒരു സമരം തുടങ്ങുമ്പോള്‍ എവിടെ ചെന്ന് നിര്‍ത്തിക്കണമെന്ന് ധാരണ ഉണ്ടാകണമെന്നും ടി.പി.രാമകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 18 ദിവസം വെയിലും മഴയും പ്രതികൂല കാലാവസ്ഥയും മാത്രമല്ല, സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും നിരന്തര പരിഹാസവും ഏറ്റുവാങ്ങേണ്ടി വരുന്നു എന്ന ദുര്‍വ്വിധിയാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്നത്.
ഒരു തവണ പോലും ഇവരെ ചര്‍ച്ചക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അര്‍ധരാത്രി റാങ്ക് ലിസ്റ്റ് കാലവധി അവസാനിക്കുന്ന സമയം ഹാള്‍ടിക്കറ്റും റാങ്കുപട്ടികയും കത്തിച്ച് പ്രതിഷേധിക്കുമെന്നാണ് കണ്ണില്‍ചോരയില്ലാത്ത സര്‍ക്കാരിന്റെ പഴി കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടികള്‍ പറയുന്നത്