തൂണില്‍ പിടിച്ച് ഫോട്ടോയ്ക്കു ശ്രമിച്ചു, കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്നുവീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

Jaihind News Bureau
Friday, April 18, 2025

ഒരു പിഞ്ചുകുട്ടി പിടിച്ചാല്‍ ഇടിഞ്ഞു വീഴുന്ന തൂണുകളാണോ നമ്മുടെ ടൂറിസം കേന്ദ്രങ്ങളിലുള്ളത്… എന്തു സുരക്ഷയാണ് ഈ വകുപ്പില്‍ ഉള്ളവര്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. നാലു വയസ്സുകാരന്‍ പിടിച്ചാല്‍ വീഴുന്ന … ഇത്ര ഉറപ്പില്ലാത്ത ഒരു തൂണ്‍ എങ്ങനെയാണ് ഇത്രകാലം കോന്നി ആനക്കൂട്ടില്‍ നിന്നത് എന്നതു തന്നെ അധികൃതരുടെ നിസ്സംഗതയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കും തെളിവാണ്. ആരാണിതിനൊക്കെ സുരക്ഷാ ലൈസന്‍സു നല്‍കുന്നത്

കോന്നി ആനത്താവളത്തില്‍ കുട്ടികളോടൊപ്പം എത്തിയ കുടുംബത്തിനാണ് ഈ ദാരുണസംഭവത്തിന് ഇരയാകേണ്ടിവന്നത് . മാതാപിതാക്കളോടൊപ്പം എത്തിയ നാലുവയസ്സുള്ള കുട്ടിയെ ഈ തൂണിനു സമീപം നിര്‍്ത്തി ഫോട്ടോ എടുക്കുമ്പോഴാണ് ഒരിക്കലും പൊറുക്കാനാവാത്ത ഉത്തരവാദിത്തമില്ലായ്മയുടെ ഇരയാകേണ്ടി വന്നത്
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ അവന്റെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയിലാണ് ഇവര്‍ ആനത്താവളത്തില്‍ എത്തിയത്. നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെമേലേക്ക് വീണത്. സംഭവത്തിന് പിന്നാലെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.