മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നയാളെ വിട്ടയച്ചതില്‍ രാജ്യവ്യാപക രോഷം

Jaihind News Bureau
Friday, April 18, 2025

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്ന കുപ്രസിദ്ധമായ കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പേ ജയിലില്‍നിന്നു വിട്ടയച്ചതില്‍ രോഷം രാജ്യവ്യാപകമാകുന്നു. കേസിലെ മുഖ്യപ്രതിയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിനെയും പ്രധാന കൂട്ടാളിയായ ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബിജെഡിയും ആരോപിക്കുന്നു.

ജയിലില്‍നിന്നു പുറത്തിറങ്ങിയ ഹെംബ്രാമിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്നു മാലയിട്ടു യാത്രയാക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. കേസില്‍ ഒഡീഷ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒഡീഷയില്‍ ബിജെപി മന്ത്രിസഭ അധികാരത്തിലെത്തിയതു മുതല്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളികളെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണു വിജയം കണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കുന്നത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആശങ്കഉയര്‍ത്തുന്നു.

സ്വന്തം വാഹനത്തി്ല്‍ കിടന്നുറങ്ങുകയായിരുന്ന 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനെയും പത്തും ആറും വയസുള്ള ആണ്‍മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നു എന്നതാണ് കേസ് .ജയ് ബജ്രംഗ് ബലി, ദാരാ സിംഗ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ദാരാ സിംഗിന്റെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടമായിരുന്നു ആക്രമണം നടത്തിയത്. ദാരാ സിംഗിന് വധശിക്ഷയും ഹെംബ്രാം അടക്കമുള്ളവ 12 പേര്‍ക്കു ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. ദാരാസിംഗിന്റെ വധശിക്ഷ 2005ല്‍ ഒഡീഷ ഹൈക്കോടതി ജീവപര്യന്തമാക്കിയത് 2011ല്‍ സുപ്രീംകോടതി ശരിവച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തതില്‍ 37 പേരെ മൂന്നു വര്‍ഷത്തിനുള്ളില്‍ കുറ്റവിമുക്തരാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയില്‍ വിചാരണ ചെയ്തു. 1999 ജനുവരിയിലാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത്. ക്രൂരമായ കൊലപാതകിയെ വിട്ടയച്ച നടപടി ഇന്ത്യന്‍ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു കുഞ്ഞുങ്ങളെയും ജീവനോടെ ചുട്ടെരിച്ച വെറുക്കപ്പെട്ട കൊലയാളി ഇപ്പോള്‍ സ്വതന്ത്രനായി നടക്കുന്നു. മഹേന്ദ്ര ഹെംബ്രാമിന്റെ മോചനം സംഘികള്‍ക്ക് ഒരു ആഘോഷമാണ്. പക്ഷേ ഇന്ത്യന്‍ നീതിക്കുമേലുള്ള കറുത്ത കളങ്കമാണ്. ഇതെന്തു സന്ദേശമാണു നല്‍കുന്നതെന്ന് ടാഗോര്‍ എക്‌സില്‍ ചോദിച്ചു.