അടുത്ത ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) ആയി ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. മെയ് 13 ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഈ നിര്‍ദ്ദേശം നിയമമന്ത്രാലയത്തിന് നല്‍കിയത്. പതിവ് പ്രകാരം, സിറ്റിംഗ് ചീഫ് ജസ്റ്റിസ് അവരുടെ പിന്‍ഗാമിയായി ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ശുപാര്‍ശ ചെയ്യുന്നത്.
ജസ്റ്റിസ് ഗവായി നിയമിതനായാല്‍, അദ്ദേഹം ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകും. ഇദ്ദേഹത്തിന് ആറുമാസം മാത്രമാണ് കാലാവധിയുള്ളത്. ജസ്റ്റിസ് ഗവായി 2025 നവംബറില്‍ വിരമിക്കും.
2019 മെയ് 24 നാണ് ജസ്റ്റിസ് ഗവായി ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച അദ്ദേഹം, കേരളത്തിന്റെ മുന്‍ ഗവര്‍ണറായ പരേതനായ ആര്‍ എസ് ഗവായിയുടെ മകനാണ്. 2003 നവംബര്‍ 14 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ഗവായി തന്റെ ജുഡീഷ്യല്‍ ജീവിതം ആരംഭിച്ചു, 2005 നവംബര്‍ 12 ന് സ്ഥിരം ജഡ്ജിയായി. മുംബൈ, നാഗ്പൂര്‍, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളില്‍ 15 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു.