മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Jaihind News Bureau
Wednesday, April 16, 2025

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകനായ അജയന്‍ നല്‍കിയ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മെയ് 27 ന് പരിഗണിക്കും. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സിഎംആര്‍എല്‍, എക്‌സ്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വരാണ് മറ്റുഎതിര്‍കക്ഷി കള്‍. പൊതുതാല്‍പര ്യഹര്‍ജി ഇന്ന് പരിഗണിക്കും. കേസില്‍ എസ്എഫ്‌ഐഒ യുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പകര്‍പ്പ് ലഭിച്ചാല്‍ ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണാ വിജയന് നോട്ടീസ് നല്‍കണോ എന്ന കാര്യത്തിലടക്കം ഇ ഡി
തീരുമാനം എടുക്കുക.