ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ വിമര്‍ശനം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം എന്ന തലക്കെട്ടോടെയായിരുന്നു ഇന്‍സ്റ്റഗ്രാം കുറിപ്പ്.മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കെ.കെ രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദിവ്യക്കെതിരെ ഉയര്‍ന്നത്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്റെ വിമര്‍ശനം.