അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. വ്യാജമൊഴി നല്‍കിയതില്‍ പി വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള തീരുമാനം വൈകുന്നതിനിടെയാണ് എംആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്.
പി.വി അന്‍വറിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള സര്‍ക്കാര്‍ നടപടി പുരോഗമിക്കുന്നതിനിടെയാണ് അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ടറിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് മലപ്പുറം എസ് പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.
വ്യാജമൊഴി നല്‍കിയതില്‍ പി വിജയന്‍ നല്‍കിയ പരാതിയിന്‍മേലുള്ള തീരുമാനം വൈകുന്നതിനിടെയാണ് എംആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് പിവി അന്‍വര്‍ ഉന്നയിച്ച ചില ആരോപണങ്ങളില്‍ എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിനായി അജിത് കുമാറിന്റെ മൊഴി എടുക്കുന്നതിനിടെയാണ് പി വിജയനെതിരെ മൊഴി നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ ഡിജിപിയുടെ അഭിപ്രായം തേടുകയും തുടര്‍ന്നാണ് എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി ശുപാര്‍ശ നല്‍കിയിട്ടുള്ളത്.