പുതുപ്പള്ളി മണ്ഡലത്തെ അവഗണിക്കുന്നു; ഉപവാസ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ

Jaihind News Bureau
Tuesday, April 15, 2025

പുതുപ്പള്ളി മണ്ഡലത്തെ പാടെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ ഉപവാസ സമരവുമായി ചാണ്ടി ഉമ്മൻ എംഎൽഎ.. ഇന്ന് രാവിലെ 8 മണി മുതൽ 5 മണി വരെയായിരുന്നു ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിൻറെ അവഗണനയ്ക്കെതിരെ ഉപവാസമരം അനുഷ്ഠിച്ചത്.. ഉപവാസ സമരം മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളി മണ്ഡലത്തോട് സംസ്ഥാന സർക്കാരിൻ്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിലാണ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഏകദിന ഉപവാസം നടന്നത്.. രാഷ്ട്രീയ തിമിരം ബാധിച്ച സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയമായ നിലപാടുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.. അന്ധമായ രാഷ്ട്രീയ പക്ഷാഭേദവും ജനങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഇടതു സർക്കാരിന് ജനകീയ സമരങ്ങളോട് തന്നെ പുച്ഛമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയ വിരോധം വെച്ച് പുലർത്തുന്ന സംസ്ഥാന സർക്കാർ നാടിനെയും ഒപ്പം ജനങ്ങളെയും പൂർണമായും അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന ചാണ്ടി ഉമ്മന്റെ ഉപവാസ സമരത്തിൽ കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, യുഡിഎഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, തുടങ്ങിയ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു.