തുടര്‍ച്ചയായിട്ടുള്ള കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്തും. RRT സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 3 ജീവനുകളാണ്. അതിരപ്പിള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടുപേരാണ് ഇന്നലെ രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരും ഉണ്ടായിരുന്നത്. ഇതോടെ വനംവകുപ്പിന് എതിരെ തിരിഞ്ഞിരിക്കുകയാണ് നാട്ടുകാര്‍. മതിയായ സുരക്ഷ ഒരുക്കാത്ത വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, റിപ്പോര്‍ട്ട് തേടുന്നതല്ലാതെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ് പ്രദേശവാസികളെ ചൊടിപ്പിക്കുന്നത്.