റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിഷേധം കടുപ്പിക്കുകയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന വനിതാ സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സ്. വിഷുദിനമായ ഇന്നലെ കറുത്ത വസ്ത്രം അണിഞ്ഞ് രക്തത്തിലെഴുതിയ പ്ലക്കാര്‍ഡുകളുമായി ഇവര്‍ പ്രതിഷേധിച്ചിരുന്നു. ഈ മാസം 19നാണ് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്. അതെ സമയം ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ ആശാ പ്രവര്‍ത്തകരുടെ അതിജീവന സമരവും തുടരുകയാണ്. ആശമാരുടെ രാപ്പകല്‍ സമരം അറുപത്തിയാറാം ദിനത്തിലേക്കും അനിശ്ചിതകാല നിരാഹാര സമരം ഇരുപത്തിയേഴാം ദിവസത്തിലേക്കും കടന്നു.
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തെരുവില്‍ സമരം ചെയ്യുന്നവരാണ് ആശമാരും CPO ഉദ്യോഗാര്‍ത്ഥികളും. ആശമാരോടുള്ള സര്‍ക്കാര്‍ അവഗണന തുടരുമ്പോഴും അധിക്ഷേപിക്കലും അപമാനിക്കലും മറ്റൊരു വഴിയെ നടക്കുന്നുണ്ട്. നടത്തിയ മൂന്ന് ചര്‍ച്ചകളും പരാജയം. ഇതിലൊന്നും തളരാതെ ദിവസം ചെല്ലും തോറും സമര വീര്യം കൂടി വരികയാണ്. നാനാദിക്കുകളില്‍ നിന്നും ആശമാര്‍ക്ക് പിന്തുണയും ലഭിക്കുന്നുണ്ട്. മറ്റൊരു വശത്ത് വേറിട്ട സമര മുറകള്‍ പയറ്റി സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള പോരാട്ടമാണ് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നത്. ഇതൊന്നും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നില്ല.