മലയാളികള്‍ വിഷു ആഘോഷ നിറവിലാണ് . മേടമാസത്തിന്റെ പിറവിയില്‍ കാര്‍ഷിക സമൃദ്ധിയുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ് വിഷു ആഘോഷം. കാഴ്ചയെ സമൃദ്ധമാക്കാന്‍ വേണ്ടതൊക്കെ വിഷുക്കണിയായി ഒരുക്കി മനം നിറഞ്ഞ പ്രാര്‍ത്ഥനയോടെ കൈനീട്ടം നല്‍കി ഒന്നിച്ച് സദ്യയൊരുക്കി വിഷു ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. വരാനിരിക്കുന്ന നല്ല നാളെകളുടെ പ്രതീക്ഷ കൂടിയാണ് ഒരോ വിഷുവും.
ഓട്ടുരുളിയും കൊന്നപ്പൂവും ശ്രീകൃഷ്ണവിഗ്രഹവും നിലവിളക്കുമില്ലാതെ കണിക്കാഴ്ച ഒരുക്കാനാവില്ല. സ്വര്‍ണ്ണ നിറം പൂണ്ട് കത്തുന്ന നിലവിളക്കിന് മുന്നില്‍ കടുംമഞ്ഞയില്‍ കൊന്നപ്പൂക്കള്‍, തിളങ്ങുന്ന ഓട്ടുരുളി അതില്‍ നിറയെ അരിയും കണിവെള്ളരിയും കായ്ഫലങ്ങളും. ഐശ്വര്യക്കാഴ്ചയായി പുതുവസ്ത്രവും വാല്‍ക്കണ്ണാടിയും..സമൃദ്ധിയുടെ പ്രതീകമായി സ്വര്‍ണ്ണവും നാണയങ്ങളും… ഈ കാഴ്ച ഒരാണ്ടിലേക്ക് മുഴുവനുള്ളതാണ്.
കൈനീട്ടമാണ് വിഷുദിനത്തിന്റെ ഏറ്റവും ആകര്‍ഷകം. കണി കണ്ട് കഴിഞ്ഞാല്‍ കൈനീട്ടം നല്‍കും . കുടുബത്തിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ മധുരവും വിഷുസദ്യയും .
സൂര്യന്‍ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തമാണ് വിഷുദിനമായി ആഘോഷിക്കുന്നത് . കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ ഇടവേളകാലം കൂടിയാണ് വിഷു. അക്കാലത്ത് കൊയ്തുകഴിഞ്ഞ പാടങ്ങള്‍ മിക്കവയും ഉത്സവപ്പറമ്പുകളാവുന്നു. പൂരവും വേലയുംവെടിക്കെട്ടും നടക്കുന്ന വിശാലമായ ആഘോഷത്തിന്റെ ഇടവേള
വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ടുണരാന്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കായിരിക്കും. ഗുരുവായൂരില്‍ പ്രത്യേകിച്ച്. ശബരിമല ഉള്‍പ്പെടെ മറ്റ് ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വിഷുക്കണി ദര്‍ശനവും നടക്കും