മാസപ്പടിയില്‍ പഴയവാദങ്ങള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി ; രാജിയില്ല, വീണ സ്വീകരിച്ചത് കള്ളപ്പണമല്ലെന്നും പിണറായി വിജയന്‍

Jaihind News Bureau
Wednesday, April 9, 2025

അവസാനം രണ്ടു വാക്കു പറയാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തി. മകള്‍ കുറ്റപത്രത്തില്‍ ഇടം നേടിയിട്ടും പഴയ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് പിണറായി വിജയന്‍. വീണ വാങ്ങിയ പണം കള്ളപ്പണമല്ലെന്നും സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളും ഉണ്ടെന്ന ദുര്‍ബ്ബല വാദമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത്. ഈ കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പറയുന്നില്ല, എവിടെ വരെ പോകുമെന്ന് നോക്കാം എന്നാണ് നിലപാട്. .

മാസപ്പടി കേസിന്റെ ലക്ഷ്യം മകള്‍ അല്ല താനാണ്. മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. അതാണ് വ്യത്യാസം.

ആശമാരുടെ സമരത്തിനോട് മുഖ്യമന്ത്രിയും സഹാനുഭൂതി കാട്ടുന്നില്ലെന്നു വ്യക്തമാകുന്നതായിരുന്നു പ്രതികരണങ്ങള്‍. സമരം കേന്ദ്രത്തിനെതിരേ തിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം. രണ്ടുമാസത്തോളമായി സമരം ചെയ്യുന്ന പാവപ്പെട്ടവരോട് അധികാരഗര്‍വ്വും ഹുങ്കും പ്രകടിപ്പിക്കുന്നയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.