അന്തരിച്ച നേതാക്കള്‍ക്ക് ആദരം; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് AICC സമ്മേളനം

Jaihind News Bureau
Wednesday, April 9, 2025

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്ങിനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആദരമര്‍പ്പിച്ച് അഹമദാബാദിലെ എഐസിസി സമ്മേളനം. എ സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് അനുശോചന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു ഡോ മന്‍മോഹന്‍ സിംഗ്. ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സമ്മേളന വേദിയില്‍ അംഗങ്ങള്‍ അനുസ്മരിച്ചു.

സബര്‍മതി തീരത്ത് AICC സമ്പൂര്‍ണ സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ അഹമദാബാദിലേക്ക് ഒഴുകിയെത്തി. 64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു AICC സമ്മേളനം നടക്കുന്നത്. അതിന്‍റെ ആവേശത്തിലാണ് നേതാക്കള്‍. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്നലെ വിശാല പ്രവര്‍ത്തക സമിതി യോഗം നടന്നിരുന്നു. നിരവധി കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും 2 പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന AICC സമ്പൂര്‍ണ സമ്മേളനത്തില്‍ മരണമടഞ്ഞ നിരവധി പ്രവര്‍ത്തകരെ അനുസ്മരിച്ചു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ ചാണ്ടിയ്ക്ക് എഐസിസി സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവെന്നാണ് അദ്ദേഹത്തെ കുറിച്ച് അനുസ്മരിച്ചത്.

ഉമ്മന്‍ ചാണ്ടിക്കു പുറമെ 15 സംസ്ഥാനങ്ങില്‍ നിന്ന് മരണമടഞ്ഞ ഏകദേശം 55 AICC നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. മരണമടഞ്ഞ നേതാക്കളും ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ ശക്തി. അവരെയും ഓര്‍മിച്ചു കൊണ്ടാണ് ചടങ്ങ് മുന്നോട്ട് പോയത്.