മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ തഹാവൂര്‍ റാണയെ നാളെ ഇന്ത്യയിലെത്തിക്കും

Jaihind News Bureau
Wednesday, April 9, 2025

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ നാളെ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. നീക്കം റാണയെ കൈമാറാന്‍ അമേരിക്ക സമ്മതിച്ചതിന് പിന്നാലെയാണ്. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനി പാക്ക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചെയോടെയോ റാണയെ ഇന്ത്യയിലെത്തിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

പാക് അമേരിക്കന്‍ ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അനുയായിയാണ് തഹാവൂര്‍ റാണ എന്ന ഭീകരവാദി. ഇന്ത്യക്ക് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ നല്‍കിയ അടിയന്തിര ഹേബിയസ് കോര്‍പസ് ഹര്‍ജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഫെബ്രുവരിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നല്‍കിയത്.

മുംബൈ ഭീകരാക്രമണ കേസില്‍ പ്രധാനി എന്ന നിലയില്‍ നേരത്തെ തഹാവൂര്‍ റാണയ്‌ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കനേഡിയന്‍ പൗരത്വമുള്ള വ്യവസായിയായിരുന്ന തഹാവൂര്‍ റാണ ശരിക്കും പാക്കിസ്ഥാന്‍ സ്വദേശിയാണ്. 2008 നവംബര്‍ 26 നുണ്ടായ മുംബൈ ഭീകരാക്രമണം നടപ്പാക്കാന്‍ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് എല്ലാ സഹായവും നല്‍കിയത് തഹാവൂര്‍ റാണയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരുന്നു. 6 അമേരിക്കന്‍ വംശജര്‍ ഉള്‍പ്പടെ 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.