തലശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട; സി. പി എം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Jaihind News Bureau
Tuesday, April 8, 2025

കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട. സി. പി എം പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. 10 ലക്ഷത്തിലധികം വിലവരുന്ന 258 ഗ്രാം ബ്രൗണ്‍ഷുഗറുമായാണ് തലശ്ശേരി സ്വദേശികളായ മട്ടാമ്പ്രം ചാലില്‍ അറയിലകത്ത് വീട്ടില്‍ പറാക്കി നാസര്‍, പാലിശ്ശേരി മറിയാസ് വീട്ടില്‍ ഇ. എ ഷുഹൈബ്, കായ്യത്ത് റോഡ് എ. ഡി ക്വാര്‍ട്ടേര്‍സില്‍ മുഹമ്മദ് അക്രം എന്നിവരെ തലശ്ശേരി പോലീസ് പിടികൂടിയത്. മുംമ്പൈയില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസില്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു മൂവരും. പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിക്കടത്ത് കേസില്‍ നേരത്തെ മുംബൈ പോലീസ് പിടികൂടിയിരുന്നു.

രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബ്രൗണ്‍ഷുഗറിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 13 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സി. പി. എം നിയന്ത്രണത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ. ആര്‍. പി. സിയുടെ സജീവപ്രവര്‍ത്തകനാണ് പറാക്കി നാസര്‍. പറാക്കി നാസര്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ.ശൈലജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും പുറത്ത് വന്നു.