1961ല്‍ ഭാവ്നഗറില്‍ നടന്ന സമ്മേളനത്തിനുശേഷം 64 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം നടക്കുന്നത്. ഇത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനമാണ്. 169 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍, രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ അടിയന്തര രാഷ്ട്രീയ ഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാജ്യത്തെ പാര്‍ട്ടിയുടെ ആവശ്യകതയെ കുറിച്ചും തിരഞ്ഞെടുപ്പുകളിലെ മല്‍സര രീതി മാറ്റി പിടിക്കും എന്നതാണ് പ്രതീക്ഷയെന്നും മനോജ് സി ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തക സമിതി യോഗം സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തില്‍ നടക്കും. അടുത്ത ദിവസം സബര്‍മതി ആശ്രമത്തിനും കൊച്ച്രബ് ആശ്രമത്തിനും ഇടയിലുള്ള സബര്‍മതി നദിയുടെ തീരത്ത് എ.ഐ.സി.സി യോഗം ചേരും.
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതും ഉത്തരവാദിത്തം ഉറപ്പാക്കുന്നതും ഉള്‍പ്പെടെ സംഘടനാ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷവും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തന്ത്രത്തിനും പാര്‍ട്ടി അന്തിമരൂപം നല്‍കും. സമ്മേളനത്തില്‍ നിരവധി പ്രധാന പ്രമേയങ്ങള്‍ പാസാക്കാന്‍ സാധ്യതയുണ്ട്. സമ്മേളനത്തിനായി കോണ്‍ഗ്രസ് ഒരു കരട് തയ്യാറാക്കല്‍ സമിതിയും രൂപീകരിച്ചിരുന്നു.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സാമൂഹിക നീതി, വിദേശനയം, ‘ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങള്‍’, മതപരമായ വിഭജനങ്ങളും വെല്ലുവിളികളും തുടങ്ങിയ നിലവിലെ വെല്ലുവിളികളും വിഷയങ്ങളും പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യും. മഹാത്മാഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടില്‍ നിന്ന് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദൃഢനിശ്ചയം ചെയ്യുന്നു എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.
നാല് മാസം മുമ്പ്, മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ബെലഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസിന്റെ നീണ്ട ചരിത്രത്തിലെ നാഴികക്കല്ലുകളെക്കുറിച്ചും സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അതിന്റെ നേതൃപരമായ പങ്കിനെക്കുറിച്ചും സ്വയം ഓര്‍മ്മിപ്പിക്കുക എന്നതായിരുന്നു ആ യോഗത്തിന്റെ ലക്ഷ്യം.