പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനിക്കെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുകയാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. ഒപ്പം പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം എന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം വാക്കില്‍ മാത്രം ഒതുങ്ങുകയാണ്.
കഴിയുന്ന രീതിയിലെല്ലാം സമരം ചെയ്യുകയാണ് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍. എന്നിട്ടും സര്‍ക്കാരിന്റെ കണ്ണ് തുറക്കുന്നതേയില്ല. പകരം പറയുന്നത് ചില തൊടുന്യായങ്ങളും. പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റുകള്‍ക്ക് ഒരാഴ്ച മാത്രമാണ് കാലാവധി ബാക്കി. എസ്ഐ, ആംഡ് പൊലീസ് എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ പട്ടികകളില്‍ നിന്നെല്ലാം മുന്‍പെന്നത്തേക്കാളും ദയനീയമായ രീതിയിലാണ് നിയമനം നടക്കുന്നതെന്ന ആക്ഷേപമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്. അനുവദിക്കാവുന്ന തസ്തികകള്‍ അനുവദിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഒഴിവുകള്‍ പരമാവധി റിപ്പോര്‍ട്ട് ചെയ്തും നിയമനം ഊര്‍ജിതമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പുരുഷ പൊലീസ് നിയമനം നടന്നാല്‍ മാത്രമേ വനിതാ നിയമനവും നടക്കൂ എന്ന രീതിയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിനയായിരിക്കുന്നത്.
ഏപ്രില്‍ 19ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റില്‍നിന്ന് 30 ശതമാനം നിയമനം മാത്രമാണ് നടന്നിരിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു. സേനാവിഭാഗം തസ്തികകളിലേക്ക് പിഎസ്സി കൃത്യമായി വാര്‍ഷിക തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെങ്കിലും ഈ ലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തിന്റെ എണ്ണം കുത്തനെ ഇടിയുന്ന നിലയാണുള്ളത്. സബ് ഇന്‍സ്പെക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവയില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം ശുപാര്‍ശകള്‍ സര്‍ക്കാരിനു മുന്നിലുണ്ടെങ്കിലും ഇവയിലൊന്നുപോലും അംഗീകരിക്കപ്പെടുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് സര്‍ക്കാര്‍ അലംഭാവം കാട്ടുമ്പോള്‍ കാക്കിക്കുപ്പായമെന്ന സ്വപ്നം സഫലമാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.