പൊങ്ങച്ചം വേണ്ട; നമ്പര്‍ വണ്‍ എന്ന സ്വയംപുകഴ്ത്തല്‍ കേരളം നിര്‍ത്തണം, അങ്ങനെയൊന്നുമല്ല : ജി സുധാകരന്‍

Jaihind News Bureau
Monday, April 7, 2025

എല്ലാറ്റിലും ഒന്നാമതാണെന്ന തള്ളല്‍ കേരളം നിര്‍ത്തണമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ‘ കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. ആദ്യം ഈ സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമതാണ്.’ ജി സുധാകരന്‍ തുറന്നടിച്ചു. ആലപ്പുഴയില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്‌ക്രോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമര്‍ശം.

സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കു നേരേ വന്‍ വിമര്‍ശനമാണ് ജി സുധാകരന്‍ നടത്തിയത്. കേരളം സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം. ഇപ്പോള്‍ ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ.ലഹരിയുടെകാര്യത്തിലും കേരളം ഒന്നാമതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ആരോഗ്യസംരക്ഷണം എന്നു പറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നതുമാത്രമല്ല. നമ്മളാണ് ലോകത്തെ ഒന്നാമതെന്ന് അങ്ങോട്ടും ഇങ്ങോട്ടും പറയുമല്ലോ?. എല്ലാത്തിലും ഒന്നാമതാണെന്ന് നമ്മളങ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വയം പുകഴ്ത്തല്‍, ആയിക്കോട്ടെ, പക്ഷെ ഇവിടുത്തെ സ്ഥിതിയെന്താണ്. ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല. മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം. മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും ഒന്ന് ഈ ചുറ്റുപാടില്‍ കാണാനുണ്ടോ?. സംഘര്‍ഷം ഇല്ലാത്ത ഒറ്റ വ്യക്തി ഇന്ന് കേരളത്തില്‍ ഇല്ല’ . എല്ലാത്തിലും മുന്‍പന്തിയിലാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.? ജി സുധാകരന്‍ പറഞ്ഞു.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം സംബന്ധിച്ചും രൂക്ഷ ഭാഷയിലായിരുന്നു വിമര്‍ശനം. ”ഏതുതരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് അവസ്ഥ. കായംകുളം എംഎല്‍എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയ ആളാണ് ഞാന്‍. അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്.” എന്നും സുധാകരന്‍ പറഞ്ഞു.

ആരോഗ്യ, വ്യവസായ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും സുധാകരന്‍ വിമര്‍ശിച്ചു. ”ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്നു മാത്രം പറഞ്ഞു നടന്നിട്ട് കാര്യമില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോര്‍ജ് 5 വര്‍ഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുന്‍പും ആരോഗ്യവകുപ്പ് ഇവിടെയുണ്ടായിരുന്നു.അത് പറഞ്ഞാല്‍ ഉടനെ വീണാ ജോര്‍ജിനെതിരെ എഴുതും. വീണാ ജോര്‍ജല്ല മെഡിക്കല്‍ കോളജ്. അതിനുമുന്‍പും മെഡിക്കല്‍ കോളജ് ഉണ്ട്. അവര്‍ അഞ്ചുവര്‍ഷമായി മന്ത്രിയാണ്. അടുത്ത തവണ ആകുമോയെന്ന് പറയാനാവില്ല’- ജി സുധാകരന്‍ പറഞ്ഞു.

ആലപ്പുഴയിലെ സ്ഥിതി പരാമര്‍ശിച്ചുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്. ടി.വി.തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയില്‍ വല്ല വ്യവസായവും വന്നോ? എന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെയും സുധാകരന്‍ വിമര്‍ശിച്ചു. ‘പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോകുന്നു. അയാള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയില്ലാത്തത് , അയാളെ ഇതുവരെ അറസ്റ്റ് ചെയ്തോ?എംബിഎ ഉത്തരക്കടലാസ് സ്‌കൂട്ടറില്‍ കൊണ്ടു പോയില്ലേ. ഇതിനെതിരേ ഒരു മുഖപ്രസംഗവും എഴുതിയില്ല, ഒരു വൈസ് ചാന്‍സിലറും ഒരു വിദ്യാര്‍ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ലകൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകര്‍ക്കെതിരെ നടപടിയില്ല. ഒരു വിദ്യാര്‍ഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല.- ജി സുധാകരന്‍ പറഞ്ഞു.
…..