വഖഫ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് മുസ്ലീം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്നും കോടതി പ്രഖ്യാപനം അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുസ്ലീം ലീഗ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടാണ് മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് മുനമ്പം വിഷയവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകനും രാജ്യസഭാ അംഗവും ആയ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗിന് വേണ്ടി ഹാജരാകുന്നവര്‍.
മുനമ്പം വിഷയം പരിഹരിക്കുന്നതിന് പല മതനേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കുന്ന നീക്കത്തിനെതിരെ വിജയിക്കുന്നതു വരെ പോരാടുമെന്നും ഹര്‍ജിയില്‍ പറയുന്നു. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പ് വെച്ച വഖഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന വിശ്വാസത്തിലാണ് ലീഗെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം മുനമ്പത്തിന് അനുകൂലമായി, സാധ്യമായതെല്ലാം ചെയ്ത് തരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നുംമുസ്ലീം ലീഗ് വ്യക്തമാക്കുന്നുണ്ട്.