പാര്‍ട്ടിയുടെ സംസ്ഥാന നയത്തിന്റെ ഭാഗമായിട്ടാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും നിരവധി തവണ സമപന്തലില് എത്തിയതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അഖിലേന്ത്യാ നയം പ്രഖ്യാപിച്ചതിലൂടെ സമരക്കാര്‍ക്ക് ഒപ്പമെന്ന് വ്യക്തമാകുകയാണെന്നും ആശമാരുടെ സമരപ്പന്തലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷി നേതാക്കളും സമരക്കാരോടുള്ള അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഈ സമരം പൊളിക്കാന്‍ ഏത് ട്രേഡ് യൂണിയന് ശ്രമിച്ചാലും നടക്കില്ല. ഞങ്ങള്‍ സമരക്കാര്‍ക്ക് ഒപ്പമാണ്. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയാണ് INTUC. അതിനെ സര്‍ക്കാര്‍ വിലാസം പാര്‍ട്ടിയാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല എന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതിന്റെ മുകളില്‍ പറയാന്‍ ഒരു പോഷക സംഘടനകള്‍ക്കും അധികാരമില്ല. പാര്‍ട്ടി ഉറച്ച് മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമായിട്ടാണ് KPCC അധ്യക്ഷന്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവങ്ങളായിട്ടുള്ള സ്ത്രീകളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അധികാരത്തിന്റെ ഹുങ്കില്‍ സമരം പോലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മറന്നു പോയതിന്റെ ഉദാഹരണമാണ്് പുതിയ CPM ജനറല്‍ സെക്രട്ടറിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.