ആശാ സമരം: ഒത്തു തീർപ്പാക്കണമെന്ന് എം.എ.ബേബിയോട് ആവശ്യപ്പെട്ട് കെ.ആർ.മീര

Jaihind News Bureau
Monday, April 7, 2025

ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരി കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കഴിഞ്ഞ 57 ദിനങ്ങളായി സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം ചെയ്യുന്നത്. ഇതുവരെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ പല തവണ ആശമാര്‍ക്ക് വേണ്ടി പ്രതിഷേധം ഉയര്‍്തതിയിട്ടും കാര്യമുണ്ടായില്ല. ആ സമയത്താണ് കെ.ആര്‍.മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വരുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇ.എം.എസിനു ശേഷം കേരളത്തില്‍നിന്നു സി.പി.എമ്മിന് ഒരു ജനറല്‍ സെക്രട്ടറി ഉണ്ടാകുന്നു – സഖാവ് എം.എ. ബേബി.

വ്യക്തിപരമായി ജീവിതത്തിന്റെ പല വഴിത്തിരിവുകളിലും കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നിട്ടുള്ള സഖാവ് എം.എ. ബേബിക്കു സ്‌നേഹംനിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും.

ഫെഡറലിസവും മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളികള്‍ നിസ്സാരമല്ല.
ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന തൊഴിലാളിസംഘടനകളെയും ഒന്നിച്ചു നിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം സഖാവ് എം.എ. ബേബിയില്‍നിന്ന് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.
അതുകൊണ്ട്, ജനറല്‍ സെക്രട്ടറിയുടെ ചുമതലയേറ്റു തിരികെ കേരളത്തില്‍ എത്തുമ്പോള്‍, ആദ്യ ദൌത്യമായി, തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്ന എ.കെ.ജി. സെന്ററിനു സമീപം, സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്ന ASHA പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

asha കേന്ദ്രാവിഷ്‌കൃത സ്‌കീം ആയതിനാല്‍, സമരക്കാരുടെ കാതലായ ആവശ്യങ്ങള്‍ നടപ്പാക്കേണ്ടതു യൂണിയന്‍ ഗവണ്‍മെന്റ് ആണെങ്കിലും അതു സാധിച്ചെടുക്കാന്‍ സമരപ്പന്തലില്‍ എത്തിയ ബി.ജെ.പി. നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുംപോലും കഴിയാത്ത സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനു സി.പി.എമ്മിന്റെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും ഇടപെടലും നടപടികളും അനിവാര്യമാണ്.

പുതിയ ജനറല്‍ സെക്രട്ടറി പാര്‍ട്ടിക്കും കേരളത്തിനും രാജ്യത്തിനും നല്‍കുന്ന ശക്തവും ശുഭോദര്‍ക്കമായ സന്ദേശവുമായിരിക്കും അത്.

ഒരിക്കല്‍ക്കൂടി, വിജയാശംസകള്‍.