വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

Jaihind News Bureau
Monday, April 7, 2025

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു മരിച്ച അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച് രഹസ്യമായി സംസ്‌കാരം നടത്താനുള്ള ഭര്‍ത്താവിന്റെ നീക്കം പോലീസ് തടഞ്ഞു. പ്രസവാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു.

പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്‍്‌റെ ഭാര്യയുമായ അസ്മയാണ് വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് മരിച്ചത്. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന് യുവതിയുടെ വീട്ടില്‍ എത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളായ സ്ത്രീകള്‍ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ സിറാജുദ്ദീനും അസ്മയുടെ ബന്ധുക്കളായ സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്യുപങ്ചര്‍ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും. മടവൂര്‍ കാഫില എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദീന്‍ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യ രണ്ടെണ്ണം ആശുപത്രിയിലും പിന്നെ മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്. മുഹമ്മദ് യാസിന്‍, അഹമ്മദ് ഫൈസല്‍, ഫാത്തിമത്തുല്‍ സഹറ, അബുബക്കര്‍ കദീജ എന്നിവരാണ് അസ്മയുടെ മറ്റ് മക്കള്‍.