‘സ്വര്‍ഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും’- അണ്ടര്‍ 18 സിംഗിള്‍സില്‍ എഫിനോഹ ഉമ്മന്‍ വിജയിയായി

Jaihind News Bureau
Sunday, April 6, 2025

തിരുവനന്തപുരം കുമാരപുരം രാമനാഥന്‍കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ ഗ്രൗണ്ടില്‍ നീല ജേഴ്‌സിയണിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മുത്ത് തീപാറും പോരാട്ടം കാഴ്ചവച്ചു. പോരാട്ടം നേരില്‍ കാണാനെത്തിയ എഫിയുടെ അമ്മ മറിയ ഉമ്മന്‍ പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു.’എഫിയെ മത്സരങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കുള്ള ധൈര്യം അപ്പയായിരുന്നുവെന്നും മറിയ ഉമ്മന്‍ പറഞ്ഞു.

അപ്പയായിരുന്നു മുത്തിന്റെ കൂട്ട്. അവന് ടെന്നിസില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മികച്ച കളിക്കാരനാക്കണമെന്ന് അപ്പ പറയുമായിരുന്നു. സ്വര്‍ഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും…ഏറെ അഭിമാനവും വൈകാരികവുമായ വാക്കുകളായിരുന്നു അവ.തിരുവനന്തപുരം കുമാരപുരം രാമനാഥന്‍കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ ഗ്രൗണ്ടിലായിരുന്നു മത്സരം. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഇന്‍കെലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ പ്രൈസ് മണി ടെന്നിസ് ടൂര്‍ണമെന്റാണ്. രണ്ടിനങ്ങളില്‍ എഫി ചാമ്പ്യനായി. ബോയ്‌സ് അണ്ടര്‍ 18 സിംഗിള്‍സിലും മെന്‍സ് ഡബിള്‍സിലും. മെന്‍സ് സിംഗിള്‍സില്‍ ഫൈനലിലുമെത്തി. ഡബിള്‍സില്‍ അദ്വൈത് ആയിരുന്നു പങ്കാളി.

മികച്ച ടെന്നിസ് താരമായി വളര്‍ന്ന എഫിനോഹ ഉമ്മന്‍ റിച്ചിയുടെ പോരാട്ടം നേരില്‍ കാണാനെത്തിയതാണ് മറിയ. ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമുണ്ടായിരുന്നു. എഫിയുടെ മത്സരമെന്തായെന്ന് വിളിച്ച് ചോദിക്കും – മറിയ പറഞ്ഞു. ചെറുമകന്റെ കളി കാണുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടെന്ന് മറിയാമ്മ ഉമ്മന്‍.അഞ്ചുവര്‍ഷം മുന്‍പ് കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എഫി വിജയിച്ചപ്പോള്‍ സമ്മാന വിതരണത്തിന് എത്തിയ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ നിന്നും വാങ്ങിയ ട്രോഫി ഏറെ പ്രത്‌കേകതകള്‍ നിറഞ്ഞ ഓര്‍മയെന്ന് എഫിയും പങ്കുവച്ചു.

2024ല്‍ ശ്രീചിത്ര സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണമെന്റില്‍ അണ്ടര്‍ 18 ഡബിള്‍സ് വിജയിയായിരുന്നു. ഓള്‍ ഇന്ത്യാ ടെന്നിസ് അസോസിയേഷന്‍ നാഷണല്‍ റാങ്കിംഗില്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലിം മത്സരിച്ചു. ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് എഫി. ജഗതിയിലാണ് താമസം. ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബില്‍ നിതിന്‍ ജസ്റ്റിനാണ് പരിശീലകന്‍.