മുസ്ലീം,ക്രൈസ്തവ വേട്ടയാണ് ബിജെപി ഭരണകൂടത്തിന്‍റെ ലക്ഷ്യം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Jaihind News Bureau
Sunday, April 6, 2025

വഖഫ് ബില്ലിലൂടെ മുസ്ലീംകളുടെ ഭൂമി ലക്ഷ്യമിട്ടതിന് പിന്നാലെ സംഘപരിവാറിന്‍റെ അടുത്ത ഇരകള്‍ ക്രൈസ്തവരാണെന്നും ന്യൂനപക്ഷ വേട്ടയാണ് ബിജെപി ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍ പിന്‍വലിച്ചെങ്കിലും അവരുടെ അജണ്ട പുറത്തായി. ഇന്നു ഞാന്‍, നാളെ നീ എന്നതുപോലെയാണ് വഖഫ് ഭേദഗതിക്ക് പിന്നാലെ ക്രൈസ്തവരെ ഉന്നം വെച്ചുള്ള ആര്‍എസ്എസ് വാരികയുടെ ലേഖനം. സര്‍ക്കാര്‍ ഭൂമി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ഭൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോര്‍ഡല്ലെന്നും അത് കത്തോലിക്ക ചര്‍ച്ചാണെന്നുമുള്ള ശാശങ്ക് കുമാര്‍ ദ്വിവേദി എഴുതിയ ലേഖനത്തിലൂടെ സംഘപരിവാറിന്‍റെ അടുത്ത ലക്ഷ്യം ആരാണെന്ന് പകല്‍പോലെ വ്യക്തമാണ്. 20000 കോടിയിലധികം വിപണിവില വരുന്ന 17.29 കോടി ഏക്കര്‍ ഭൂമിയാണ് കത്തോലിക സഭ കൈവശം വെയ്ച്ചിരിക്കുന്നതെന്നാണ് ലേഖനത്തിന്‍റെ ആധാരം. രണ്ടുശതമാനം വരുന്ന കത്തോലിക സഭയുടെ കൈയ്യിലാണ് രാജ്യത്ത് 30 ശതമാനത്തോളം ഭൂമിയും സര്‍ക്കാരിതര സ്ഥാപനങ്ങളും എന്ന ആര്‍എസ്എസ് പശ്ചാത്തലമുള്ള എംപി ലോക്‌സഭയില്‍ പറഞ്ഞത്. ഇതിലൂടെ കൂറെ നാളുകളായി സംഘപരിവാര്‍ ഇക്കാര്യത്തില്‍ ഗവേഷണം നടത്തുകയാണെന്നും ന്യൂനപക്ഷ വേട്ടയുടെ രാണ്ടാംഘട്ടത്തിലേക്കുള്ള സൂചനയാണിതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം അട്ടിമറിച്ച് മതസ്വാതന്ത്ര്യത്തിനെതിരായ ശക്തമായ ആക്രമണമാണ് വഖഫ് ബില്ല് വ്യവസ്ഥകള്‍. ഇതിനെതിരായ നിയമപോരാട്ടം കോണ്‍ഗ്രസ് തുടരും. നിലവില്‍ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്‌വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകുമെന്ന പ്രചരണമാണ് ബിജെപി നടത്തുന്നത്. അത് കാത്തിരുന്ന കാണേണ്ട വിഷയം തന്നെയാണ്. മുനമ്പം പ്രശ്‌നത്തിന് പരിഹാരം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെ യും നിലപാട്.

മുനമ്പത്തെ പാവപ്പെട്ട മനുഷ്യരോടൊപ്പമാണ് കോണ്‍ഗ്രസ്. ഒരാള്‍ക്ക് പോലും ഭൂമി നഷ്ടപ്പെടാന്‍ പാടില്ലെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. വഖഫ് ബില്ലിന്‍റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമം. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ചിലരുടെ ലക്ഷ്യം. അത്തരക്കാരുടെ അജണ്ടയ്ക്ക് കരുത്ത് പകരുന്ന നിലപാട് സ്വീകരിക്കുന്നത് സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യങ്ങള്‍ കേരളത്തിലും നടപ്പിലാക്കുന്നതിനെയത് സഹായിക്കൂ. മുനമ്പം പ്രശ്‌നപരിഹരിത്തിന് ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവിടെ ബിജെപിക്ക് മുതലെടുപ്പിന് അവസരം നല്‍കുകയാണ്. ഇത്തരം രാഷ്ട്രീയ മുതലെടുപ്പിന് നിന്നുകൊടുത്താല്‍ നമ്മുടെ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദത്തിന് വലിയ വെല്ലുവിളിയാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ മുനമ്പം പ്രശ്‌നം ഇത്തരത്തില്‍ നീട്ടി കൊണ്ടുപോകുകയാണെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രധാന മുന്‍ഗണന ഈ പ്രശ്‌നം പരിഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുക എന്നതിനായിരിക്കുമെന്നും ഹസന്‍ പറഞ്ഞു.

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനെതിരെയും സ്ഥാപനങ്ങള്‍ക്കും എതിരായ അക്രമത്തിന് നേതൃത്വം നല്‍കിയത് സംഘപരിവാറുകാരാണ്. ഇത്തരം ആക്രമണങ്ങളില്‍ രാജ്യത്തെവിടെയും ഒരു മുസ്സീം സംഘടനകളുടെയും സാന്നിധ്യമില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. രണ്ടായിരത്തിലേറെ ആക്രമണങ്ങളാണ് ക്രൈസ്തവ സമൂഹത്തിനെതിരെ സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ന്യൂനപക്ഷം സമൂഹം ഒറ്റക്കെട്ടായി മതസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തെ പ്രതിരോധിക്കണം. ഇന്ത്യ സഖ്യം ആ പോരാട്ടത്തില്‍ മുന്നിലുണ്ടെന്നും ഹസന്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ല് കേവല ഭൂരിപക്ഷ ബലത്തിലാണ് സര്‍ക്കാരിന് പാസ്സാക്കാനായത്. രാജ്യസഭയില്‍ 128 പേര്‍ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ക്കുകയും ലോക്‌സഭയില്‍ 288 പേര്‍ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തുമാണ് വോട്ടു ചെയ്ത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര കക്ഷികളുടെ പിന്തുണയോടുകൂടിയാണ് മോദി അധികാരത്തില്‍ വന്നതെങ്കില്‍ ഇതുപോലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ രാജ്യത്തെ ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങളെ ആക്രമിക്കുന്ന ബിജെപി സര്‍ക്കാരിനെ അടുത്ത തിരഞ്ഞെടുപ്പില്‍ പുറത്താക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇരുസഭകളിലേയും വോട്ടെടുപ്പിന്‍റെ യും ചിത്രമെന്നും ഹസന്‍ പറഞ്ഞു.