പുതിയ ചെയര്‍മാനാര്? രഞ്ജിത്തിന് പകരക്കാരനെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പ്

Jaihind News Bureau
Thursday, April 3, 2025

സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് സാംസ്‌കാരിക വകുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതൊടെയാണ് നീക്കങ്ങള്‍ സജീവമാകുന്നത്. രഞ്ജിത്തിന് പകരം പ്രേംകുമാര്‍ ചുമതല ഏറ്റെടുത്തതോടെ നിലവില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയര്‍മാന്‍ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു. തുടര്‍ന്നാണ് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേംകുമാര്‍ ചുമതല ഏറ്റെടുക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. ജനുവരി മാസത്തില്‍ കാലാവധി പൂര്‍ത്തിയായ ഭരണസമിതിയാണ് നിലവില്‍ അക്കാദമിയെ നിയന്ത്രിക്കുന്നത്.

കാലാവധി തീരുന്നതിനു മുന്‍പ് പ്രത്യേക ഉത്തരവിറക്കി അതതു സര്‍ക്കാരുകളുടെ ഭരണകാലത്തേക്ക് നിലവിലെ ഭരണസമിതിയെ നിലനിര്‍ത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇത്തവണ അത് ഉണ്ടാകില്ലെന്നാണ് സൂചന. പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. രഞ്ജിത്തിന് പകരം പ്രേംകുമാറിനെ നിശ്ചയിച്ചത് പോലെ എളുപ്പമാകില്ല പുതിയ ചെയര്‍മാനെ കണ്ടെത്തുന്നത്. സിനിമ കോണ്‍ക്ലേവ് അടക്കം നടക്കാനിരിക്കെ ചുമതല ആരിലേക്ക് എത്തുമെന്നത് നിര്‍ണായകമാണ് .