മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സ്‌നേഹ ഭവനങ്ങളൊരുങ്ങി. മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 402 ഗുണഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയില്‍ 7 സെന്‍റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മിക്കുന്നത്. പ്രിയങ്ക ഗാന്ധി എംപി , പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ണാടക സര്‍ക്കാരിന്‍റെ സഹായം മാതൃകയാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. ജാതി മത വർഗ രാഷ്ട്രിയ വിവേജനമില്ലാതെ ജനങ്ങൾ ദുരന്തത്തെ മറികടക്കാൻ പരിശ്രമിച്ചുവെന്നും എം.പി കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്‍റെ നടപടി പ്രതിഷേധാര്‍ഹവും സങ്കടകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ ലിസ്റ്റില്‍ കാലതാമസമുണ്ടായി. ദുരന്തബാധിതരുടെ ചികില്‍സ സഹായം കൃത്യമായി നടപ്പാക്കണം. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍ കൂടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.