എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള മാതൃകാ ടൗണ്‍ഷിപ്പിന് ഇന്നു തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടല്‍ നിര്‍വഹിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശന്, പി.കെ.കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും.
ലോകം ഞെട്ടിത്തരിച്ച വയനാട് ദുരന്തമുണ്ടായിട്ട് എട്ട് മാസം പിന്നിടുകയാണ്. ഈ കാലയളവില്‍ എല്ലാം നഷ്ടപ്പെട്ട ആ ജനത നേരിട്ട ദുരിതം ചെറുതായിരുന്നില്ല. ഉറ്റവരെയും ഉടയവരെയും നഷ്ടമായി. കിടപ്പാടം പോയിട്ട്, കിടപ്പാടം ഉണ്ടായിരുന്ന സ്ഥലം പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. ദുരന്തബാധിതര്‍ വീടിനായി മുറവിളി കൂട്ടിക്കൊണ്ടേയിരുന്നു. എന്നാല്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വിഷയത്തില്‍ ഒളിച്ചുകളി തുടരുകയും ചെയ്തു. പ്രതിപക്ഷവും മാധ്യമങ്ങളും വളരെ ശക്തമായി ദുരിതബാധിതര്‍ക്കായി വാദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോള്‍ ദുരന്തബാധിതര്‍ക്കുള്ള മാതൃകാ ടൗണ്‍ഷിപ്പിന് ഇന്നു തറക്കല്ലിടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തറക്കല്ലിടും. വൈകുന്നേരം നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് പരിപാടി. പ്രിയങ്കാ ഗാന്ധി എംപി, റവന്യൂ മന്ത്രി കെ.രാജന്, പ്രതിപക്ഷനേതാവ് വി.ഡി സതീശന് , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.
7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകള്‍ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര് വീടിന് പകരം നല്കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്കി കഴിഞ്ഞു. 8 മാസങ്ങള്‍ക്കിപ്പുറം പുനരധിവാസത്തിനായുള്ള ആദ്യ ചുവട് വയ്പ് നടത്തുമ്പോള്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല. തറക്കല്ലിടലില്‍ മാത്രം ഒതുങ്ങരുത് പുനരധിവാസം എന്നും ദുരന്തബാധിതര്‍ സര്‍ക്കാരുകളോട് പറയുന്നുണ്ട്.