അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്തബിശ്വ ശര്‍മ ചെയര്‍മാനായ ബാങ്കിനെതിരേ അഴിമതി റിപ്പോര്‍ട്ടു ചെയ്ത ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. അസം ആസ്ഥാനമായുള്ള ഡിജിറ്റല്‍ മീഡിയ പോര്‍ട്ടലായ ദി ക്രോസ്കറന്റിലെ റിപ്പോര്‍ട്ടര്‍ ദില്‍വാര്‍ ഹുസൈന് മസുംദാറിനെയാണ് അറസ്റ്റു ചെയ്തത്. ഗുവാഹത്തി പ്രസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. അസം കോ-ഓപ്പറേറ്റീവ് അപെക്സ് ബാങ്കിനെതിരായ (ACAB) റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് നടപടി.
സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ഗുവാഹത്തിയിലെ അസം കോപ്പറേറ്റീവ് അപെക്സ് ബാങ്ക് ലിമിറ്റഡിന് പുറത്ത് പ്രതിഷേധങ്ങള്‍ നടക്കുകയാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എസിഎബിയുടെ ഡയറക്ടറും ബിജെപി എംഎല്‍എ ബിശ്വജിത് ഫുകാന്‍ അതിന്റെ ചെയര്‍മാനുമാണ്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുത്ത ദില്‍വാര്‍ ഹുസൈനെ ചൊവ്വാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന് പേരുകേട്ട വ്യക്തിയാണ് ദില്‍വാര്‍ ഹുസൈന്.
ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തിന് മുന്നില്‍ ഇദ്ദേഹത്തെ ഹാജരാക്കിയിരുന്നു. ബാങ്കിലെ ഒരു പട്ടികജാതിക്കാരനായ ഒരു ജീവനക്കാരന്റെ പരാതിയിലാണ് ദില്വാറിനെതിരേ കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനും പരാതിക്കാരനെതിരേ അപമാനകരമായ പരാമര്‍ശങ്ങള്‍’ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് അറിയിച്ചു. പരാതിക്കാരന് ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണെന്ന് ഗുവാഹത്തി (സെന്‍ട്രല്‍) ഡിസിപി അമിതാഭ് ബസുമാത്രി പിന്നീട് പറഞ്ഞു.
‘പട്ടികജാതി നിയമ ലംഘിച്ചതായാണ് എഫ്ഐആര്‍ പരാമര്‍ശങ്ങള്‍. പരാതിക്കാരനെ ജാതി പേരു വിളിച്ചു, അപമാനിച്ചു അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ പ്രതി വാക്കാല്‍ ഉപയോഗിച്ചുവെന്ന് വ്യക്തമായെന്നും എഫ് ഐ ആര് പറയുന്നു. ദില്‍വാര്‍ ഹുസൈന്റെ അറസ്റ്റിനെതിരെ ഗുവാഹത്തിയിലെ പത്രപ്രവര്‍ത്തകര്‍ ഗുവാഹത്തി പ്രസ് ക്ലബ്ബില്‍ പ്രതിഷേധ പ്രകടനം നടത്തി, ഇത് പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആരോപിച്ചു