വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതി. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. തിരിച്ചടവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ബദല്‍ വഴി കണ്ടെത്തല്‍ പ്രയാസകരമെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി.
വയബിലിറ്റി ഗ്യാപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വിഴിഞ്ഞത്തിന് 818 കോടിയാണ് കേന്ദ്രം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി അനുവദിക്കേണ്ടത്. ഈ തുക ദീര്‍ഘ കാലത്തേക്കുള്ള തിരിച്ചടവ് വ്യവസഥയില്‍ മാത്രമെ അനുവദിക്കാന്‍ കഴിയൂവെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ തിരിച്ചടവില്‍ ലാഭവിഹിതം അടക്കമുള്ള തുക തിരിച്ചടയ്ക്കുമ്പോള്‍ 818 കോടി 12,000 കോടിയാകുമെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇത് കേന്ദ്രത്തിനെ അറിയിക്കുകയും ചെയ്തിരുന്നു.
തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ പിടിവാശികള്‍ വിഴിഞ്ഞത്തോടു മാത്രമാണ് കാണിക്കുന്നതെന്നും കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിക്കുന്നില്ല എന്ന കാര്യങ്ങളും നിലനില്‍ക്കുമ്പോഴാണ് സുപ്രധാനമായ തീരുമാനം മന്ത്രിസഭാ യോഗത്തിലെടുത്തത്.