ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് : ജനാധിപത്യസുതാര്യതയെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, March 26, 2025

കേന്ദ്രം രൂപീകരിച്ച ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ഏര്‍പ്പെടുത്തുന്നതിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ സുതാര്യതയെ ദുര്‍ബ്ബലപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സൂക്ഷ്മ പരിശോധനയില്‍ നിന്ന് രക്ഷ തേടി സ്വയം മറ സൃഷ്ടിക്കുകയാണ് ഈ സര്‍ക്കാരെന്നും ജനാധിപത്യപരമായ ഏതു നോട്ടത്തേയും അവര്‍ പരിമിതപ്പെടുത്തുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്രനിയമമായ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയ ഈ രംഗത്തെവിദഗ്ധരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ഡാറ്റാ ആക്ടിവിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, ഗവേഷകര്‍, ഡൊമെയ്ന്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെക്കുറിച്ച്, പ്രത്യേകിച്ച് ആര്‍ടിഐ നിയമത്തിന്റെ വ്യാപ്തിയിലും സ്വാധീനത്തിലും അവര്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ മറവില്‍, പൗരന്മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അത്യാവശ്യമായ പൊതു വിവരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനെ ഈ നിയമനിര്‍മ്മാണം പരിമിതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ അവരെ ആരെങ്കിലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതില്‍ നിന്ന് സ്വയം പരിചകള്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ്. സുതാര്യതയെ ദുര്‍ബലപ്പെടുത്തുന്നു. ഒപ്പം ജനാധിപത്യപരമായ മേല്‍നോട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തെ നല്ല ഭരണം എന്ന താല്‍പ്പര്യങ്ങള്‍ക്കായി ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഷയം ഇന്ത്യയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു